Mon. Dec 23rd, 2024

ഡൽഹി:

മെയ് മാസത്തിൽ തന്നെ രാജ്യത്ത് 64 ലക്ഷം പേർക്ക് കൊവിഡ് രോഗസാധ്യതയുണ്ടായിരുന്നുവെന്ന് ഐസിഎംആറിന്‍റെ സെറോ സർവേ റിപ്പോർട്ട്. മെയ് 11 മുതൽ ജൂൺ 4 വരെയുള്ള തീയതികളിൽ ഐസിഎംആർ രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ നിന്നായി 28,000 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിന്‍റെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ 130 കോടിയോളമുള്ള ജനങ്ങളിൽ ഏതാണ്ട് 0.73 ശതമാനം പേരും രോഗത്തിന് വിധേയമാകാൻ സാധ്യതയുള്ളവരായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

64,68,388 പേർക്ക് മെയ് മാസം അവസാനിക്കുമ്പോഴേക്ക് തന്നെ രോഗം വരാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 21 സംസ്ഥാനങ്ങളിൽ നിന്നായി 28,000 പേരുടെ രക്തസാമ്പിൾ എടുത്ത്, ഈ സാമ്പിളിൽ ഐജിജി ആന്‍റിബോഡികളുണ്ടായിരുന്നോ എന്നാണ് പരിശോധിച്ചത്. രക്തത്തിലെ പ്ലാസ്മയുടെ ഫ്ലൂയിഡ് ഭാഗമായ സെറത്തിൽ, കൊവിഡ് വന്ന് പോയവരാണെങ്കിൽ അതിന്‍റെ സൂചനകൾ ഉണ്ടാകും. ശരീരത്തിൽ കൊവിഡിനെ പ്രതിരോധിക്കാൻ രൂപപ്പെട്ട ആന്റി ബോഡികളുടെ സാന്നിധ്യമാണ് തെളിവായി കണക്കാക്കുന്നത്.

അതായത് മെയ് മാസത്തിൽ ആർടിപിസിആർ വഴി സ്ഥിരീകരിച്ച ഓരോ കൊവിഡ് പോസിറ്റീവ് കേസിനും ആനുപാതികമായി 82 മുതൽ 130 രോഗബാധിതർ വരെ ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് സെറോ സർവേ സൂചിപ്പിക്കുന്നത്.

By Arya MR