Wed. Jan 22nd, 2025

തിരുവനന്തപുരം:

പാറശ്ശാലയിൽ സിപിഎം പാർട്ടി ഓഫീസിനായി ഏറ്റെടുത്ത കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട ആശ വർക്കറായ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പാർട്ടി ചെങ്കൽ ലോക്കൽ കമ്മിറ്റി LC മെമ്പർമാരായ കൊറ്റാമം രാജൻ, അലത്തറവിളാകം ജോയി എന്നിവരുടെ മാനസികപീഡനം സഹിക്കാൻ വയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പിൽ പറയുന്നു. ഇന്നലെ രാത്രിയാണ് പാറശ്ശാലയിലെ ഉദിയൻകുളങ്ങരയിൽ അഴകിക്കോണം സ്വദേശി ആശ (41)നെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്കൽ പഞ്ചായത്തിലെ ആശാവർക്കറും കുടുംബശ്രീ പ്രവർത്തകയുമായ ഇവർ പാർട്ടി അനുഭാവിയാണ്. എന്നാൽ ഇവർ പാർട്ടി പ്രവർത്തകയല്ല എന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്.

ആത്മഹത്യാക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ:

മരണകാരണം പാർട്ടി ചെങ്കൽ ലോക്കൽ കമ്മിറ്റി LC മെമ്പർമാരായ കൊറ്റാമം രാജൻ, അലത്തറവിളാകം ജോയി എന്നിവരുടെ മാനസികമായ പീഡനം സഹിക്കാനാവാതെയാണ് ഞാൻ ഈ കടുംകൈ ചെയ്യുന്നത്. എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു കൊറ്റാമം രാജൻ. പാർട്ടിക്ക് പരാതി നൽകിയെങ്കിലും ആരും ഒരു നടപടിയും എടുത്തില്ല. 

എല്ലാം ചെങ്കലിലെ നേതാക്കൾക്കും അറിയാം

രണ്ട് ദിവസമായി ആശയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ഇന്നലെ രാത്രി പാർട്ടി ഓഫീസ് തുറക്കാനായി ഏറ്റെടുത്ത കെട്ടിടത്തിനകത്ത് ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാർട്ടി പ്രാദേശിക നേതൃത്വത്തിനെതിരായ ആരോപണം പാർട്ടി അന്വേഷിക്കുമെന്ന് പാറശ്ശാല ഏരിയ സെക്രട്ടറി അറിയിച്ചു.

അതേസമയം യുവതിയുടെ മൃതദേഹം ഇവിടെ നിന്ന് മാറ്റാനെത്തിയ പൊലീസിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഇവരുടെ ആത്മഹത്യയ്ക്ക് കാരണം പ്രാദേശികസിപിഎം നേതാക്കളാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കമ്മിറ്റിയിലുണ്ടായ ചില പ്രശ്നങ്ങളെത്തുടർന്നുള്ള മനോവിഷമമാണ് ആശ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കളും ആരോപിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam