Wed. Nov 6th, 2024

കൊച്ചി:

പന്തീരങ്കാവ് യുഎപിഎ കേസിൽ കഴിഞ്ഞ പത്ത് മാസമായി തടവിൽ കഴിയുകയായിരുന്ന അലനും താഹയും മോചിതരായി. സന്തോഷമുണ്ട് എന്ന് മാത്രമാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോർട്ട് കെട്ടിവെക്കുന്നത് അടക്കം 11 ഉപാധികളോടെയാണ് ജാമ്യം.

കഴിഞ്ഞ വർഷം നവംബർ 1നാണ് പന്തീരങ്കാവ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം അലന്‍റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അടിയന്തരമായി എൻഐഎ ഹൈക്കോടതിയെ സമീപിചിരുന്നു. എന്നാൽ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. ഹൈക്കോടതി ഇന്ന് പിരിഞ്ഞാൽ നാളെയും മറ്റന്നാളും അവധി ദിവസങ്ങളായതിനാലാണ് എൻഐഎ ഇന്ന് തന്നെ കോടതിയെ സമീപിച്ചത്. ജാമ്യം ഇന്ന് നൽകുന്നത് തടയണമെന്നും, ഇത് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി എൻഐഎ കോടതിയിൽ അന്വേഷണസംഘം അപേക്ഷ നൽകിയിരുന്നെങ്കിലും വിചാരണക്കോടതി ഇത് തള്ളിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam