Sat. Nov 23rd, 2024

തിരുവനന്തപുരം:

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ. സ്വയംതൊഴില്‍ വായ്പ പദ്ധതിയ്ക്കായി വിശദമായ പ്രൊജക്റ്റ് പ്രൊപ്പോസല്‍ സഹിതം അപേക്ഷിക്കാവുന്നതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുന്‍ഗണന ലഭിക്കും. മൂന്നു ലക്ഷം മുതല്‍ പരമാവധി പതിനഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക.

വായ്പാ തുകയുടെ 70 ശതമാനം അപേക്ഷകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം ലഭ്യമാക്കി പ്രാരംഭ ഘട്ടത്തിലും ബാക്കി 30 ശതമാനം സംരംഭം ആരംഭിച്ചതിന് ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ശുപാര്‍ശ സമര്‍പ്പിക്കുന്ന മുറയ്ക്കും ലഭ്യമാക്കുന്നതായാണ് അറിയിച്ചിരിക്കുന്നത്. ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രോജക്ട് പ്രൊപ്പോസല്‍ തയ്യാറാക്കിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സമഗ്ര സാമ്പത്തിക ഉന്നമനത്തിന് ഈ സംരംഭകത്വ വായ്പാ പദ്ധതിയിലൂടെ വളരെ പ്രകടവും കാര്യക്ഷമവുമായ ഫലം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അപേക്ഷകള്‍ ഒക്‌ടോബര്‍ 15ന് മുന്‍പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, കവടിയാര്‍ തിരുവനന്തപുരം 695003 എന്ന മേല്‍ വിലാസത്തിലോ head@kswdc.org എന്ന ഇ-മെയില്‍ വിലാസത്തില്‍ സ്‌കാന്‍ ചെയ്‌തോ സമര്‍പ്പിക്കാവുന്നതാണെന്ന് വനിതാ വികസന കോര്‍പ്പറേഷന്‍ എം.ഡി. വി.സി. ബിന്ദു അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 0471 2727668

By Athira Sreekumar

Digital Journalist at Woke Malayalam