മുംബെെ:
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അപമാനിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി കങ്കണ റനൗട്ടിനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. മുംബൈയിലെ തന്റെ ഓഫീസ് പൊളിച്ച സംഭവത്തിൽ ഉദ്ദവ് താക്കറെയെ ട്വിറ്ററിലൂടെ കങ്കണ വെല്ലുവിളിച്ചതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ന് എന്റെ വീട് തകര്‍ത്തു, നിങ്ങളുടെ അഹങ്കാരം നാളെ തകരുമെന്നായിരുന്നു കങ്കണയുടെ വെല്ലുവിളി. ഓഫീസ് പൊളിച്ചതിനെതിരെ കങ്കണ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി 22 ലേക്ക് മാറ്റി. അതേസമയം, ശിവസേനയ്ക്ക് രാഷ്ട്രീയമായി മറുപടി നല്‍കാനുള്ള തയാറെടുപ്പിലാണ് ബിജെപി.
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ച കേസിലെ ലഹരി ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ബോളിവുഡിലെ ലഹരിറാക്കറ്റിനെ കുറിച്ച് കങ്കണ നടത്തിയ പരാമര്‍ശങ്ങളാണ് പോരിന്റെ തുടക്കം. മുംബെെയെ പാക് അധീന കശ്മീരിനോട് ഉപമിച്ചതോടെ സംസ്ഥാനം ഭരിക്കുന്ന ശിവസേനയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. കങ്കണയ്ക്ക് ശിവസേനയില്‍ നിന്ന് ഭീഷണിയുണ്ടെന്ന വിലയിരുത്തലില്‍ കേന്ദ്രസര്‍ക്കാര്‍ വെെ പ്ലസ് കാറ്റഗറി സുരക്ഷയും നല്‍കിയിരുന്നു.
ഇന്നലെ മുംബെെയിലെ ബംഗ്ലാവിനടുത്തുള്ള ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം ബിഎംസി പൊളിച്ച് നീക്കിയിരുന്നു. അനധികൃത നിര്‍മാണത്തിന്റെ പേരിലുള്ള നടപടി നിര്‍ത്തിവെയ്ക്കാന്‍ ബോംബെ ഹെെക്കോടതി നിര്‍ദേശിച്ചെങ്കിലും അതിനകം ഒരു ഭാഗം പൊളിച്ചു നീക്കിയിരുന്നു.