ജനീവ:
അടുത്ത ഒരു മഹാമാരിക്ക് മുമ്പ് സുസജ്ജമാകണം എന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. ഇതിനായി ലോക രാജ്യങ്ങൾ ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു.
‘ ഇത് ലോകത്തെ അവസാനത്തെ മഹാമാരി ആയിരിക്കില്ല. രോഗങ്ങളും പകർച്ചവ്യാധികളും ജീവിതത്തിന്റെ ഭാഗം തന്നെയായിരിക്കുമെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. എന്നാൽ അടുത്ത പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോൾ ലോകം അതിനെ നേരിടാൻ തയ്യാറായിരിക്കണം’, ലോകാരോഗ്യ സംഘടനകളുടെ ആസ്ഥാനമായ ജനീവയിൽ നടന്ന വാർത്താസമ്മേളനത്തിൽ ടെഡ്രോസ് പറഞ്ഞു.
അതേസമയം, ചില രാജ്യങ്ങൾ വികസിപ്പിച്ചെടുത്തു എന്ന അവകാശപ്പെടുന്ന കൊവിഡ് വാക്സിൻ ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി ഇതുവരെ തെളിയിച്ചിട്ടില്ലെന്നും ഡബ്ള്യുഎച്ച്ഓ വ്യക്തമാക്കിയിരുന്നു. എല്ലാവരിലേക്കുമായി വാക്‌സിന്‍ എത്താന്‍ 2021 പകുതിയെങ്കിലും ആവുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.