കാസര്‍ഗോഡ്:
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. എഎല്‍എയുടെ കാസർഗോഡ് പടന്നയിലെ വീട്ടിലാണ് റെയ്‌ഡ് നടക്കുന്നത്. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തികൊണ്ടിരിക്കുന്ന കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിന് മുന്നോടിയായി വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് വീട്ടില്‍ പരിശോധന നടത്തിയത്.
ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷ്ണലിന്റെ മാനേജര്‍ പൂക്കോയ തങ്ങളുടെ തൃക്കരിപ്പൂരിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. ജ്വല്ലറി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.
ജ്വല്ലറി നിക്ഷേപകരുടെ പരാതിയിലാണ് മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കാസർകോട് ടൗൺ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടക്കം എംഎൽഎക്കെതിരെ 13 വഞ്ചന കേസുകൾ നിലവിലുണ്ട്. വഞ്ചന കേസുകൾക്ക് പുറമേ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയിൽ എംസി കമറുദ്ദീൻ എംഎൽഎക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിരുന്നു.
ഇതിനിടെ, സാമ്പത്തിക തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയോട് മുസ്ലീംലീഗ് വിശദീകരണം തേടി. നേതൃത്വത്തെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കണമെന്നാണ് നിര്‍ദേശം. എംഎല്‍എയുടെ വിശദീകരണം കേട്ട ശേഷമാകും തുടര്‍നടപടികള്‍ തീരുമാനിക്കുക.