Fri. Apr 26th, 2024

എറണാകുളം :

വരും മാസങ്ങളിൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ പ്രായമുള്ളവരിലും ഗുരുതര രോഗ ബാധിതർക്കിടയിലും കർശന റിവേഴ്സ് ക്വാറന്‍റെെന്‍ ഏർപ്പെടുത്തുമെന്നും ചികിൽസാ സൗകര്യം വർദ്ധിപ്പിക്കുമെന്നും മന്ത്രി വി. എസ് സുനിൽകുമാർ. ശരാശരി 350 – 400 വരെ രോഗികൾ ജില്ലയിൽ ഉണ്ടാകാൻ സാധ്യതയുളളതിനാൽ എല്ലാ മേഖലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീഡിയോ കോൺഫറൻസിങ് വഴി നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഓഗസ്റ്റ് മാസത്തിൽ പ്രതീക്ഷിച്ച രോഗവ്യാപന കണക്ക് 97.8 ശതമാനം കൃത്യമായിരുന്നു.
ഇതിനനുസരിച്ചുള്ള മുന്നൊരുക്കമാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ പൊതു ഗതാഗത സംവിധാനം വർദ്ധിച്ചു. അതിനാൽ അതീവ ജാഗ്രത പാലിക്കണം . വ്യക്തിപരമായ നിലയിൽ സാമൂഹ്യ അകലം പാലിക്കണം. സാനിറ്റെസേഷൻ നടത്തുന്നതിലും മാസ്ക് ധരിക്കുന്നതിലും വീഴ്ച്ച വരുത്തരുത് എന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ജില്ലയിൽ 60- 90 വയസ്സു വരെ പ്രായമായവരിൽ 9% പേരാണ് രോഗബാധിതരായത്. 91% രോഗികളും 20 – നും 50 നും വയസ്സിനിടയിൽ പ്രായമുള്ളവരാണ്. 20-30 വയസ്സ് വരെ പ്രായമായവരിൽ 23% പേരും 30 – 40 വയസ്സ് വരെ പ്രായമായവരിൽ 18.68% പേരും , 40-50 വയസ്സ് വരെ പ്രായമുള്ളവരിൽ 16.6 % പേരുമാണ് രോഗബാധിതരായത്. 50 വയസ്സിന് മുകളിലുള്ളവരിലേക്ക് രോഗബാധ കൂടിയാൽ മരണ നിരക്ക് വർദ്ധിക്കും. അതിനാൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരിലും ഗുരുതര രോഗ ബാധിതർക്കിടയിലും കർശന റിവേഴ്സ് ക്വാറന്റൈൻ ഏർപ്പെടുത്തും. റിവേഴ്സ് ക്വാറന്റൈൻ ജനകീയമാക്കാൻ ആരോഗ്യ – തദ്ദേശ സ്വയംഭരണവകുപ്പ് – ജില്ലാ ഭരണകൂടം എന്നിവർ സംയുക്തമായി ചേർന്ന് ക്യാമ്പയിൻ സംഘടിപ്പിക്കും. റിവേഴ്സ് ക്വാറന്റെനിലുള്ളവർ വീടുകളിലും അതീവ ജാഗ്രത പുലർത്തണം.

അതിഥി തൊഴിലാളികൾക്കിടയിൽ രോഗവ്യാപനം തടയാൻ ലേബർ ഡിപ്പാർട്ട്മെന്റ് വഴി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ തൊഴിലുടമകൾക്കും രോഗ വ്യാപനം തടയാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമ കൊച്ചിയിലെ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ജനസംഖ്യാ നിരക്ക് കൂടുതലുള്ളതിനാലും ജനങ്ങൾ തിങ്ങി പാർക്കുന്നതിനാലുമാണ് കർശന നിയന്ത്രണങ്ങൾ തുടരുന്നതെന്നും മന്ത്രി പറഞ്ഞു. 3200 ലധികം ടെസ്റ്റുകൾ ഗവ. സ്വകാര്യ ലാബുകളിലായി നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam