തൃശൂർ:
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റിന്റെ കാര്യത്തിൽ ഒരു ഉളുപ്പുമില്ലാതെ പുലഭ്യം പറയുന്ന അനിൽ അക്കര എംഎൽഎയെ നിയന്ത്രിക്കാൻ അദ്ദേഹത്തിന്റെ പാർട്ടി നേതൃത്വം ഇടപെടണമെന്ന് മന്ത്രി എ.സി.മൊയ്തീൻ.
നട്ടാൽ കുരുക്കാത്ത നുണകൾ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന അനിൽ അക്കരയെ കോണ്ഗ്രസുകാരോ യുഡിഎഫുകാരോ പിന്തുണയ്ക്കുന്നില്ലെന്നും നിയമസഭയിൽ അവിശ്വാസപ്രമേയത്തിൽ അദ്ദേഹത്തിന്റെ ആരോപണങ്ങൾ പരിഗണിക്കാതിരുന്നത് അതിന്റെ തെളിവാണെന്നും മൊയ്തീൻ തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വർണക്കേസ് വിഷയത്തിൽ പൊള്ളാൻ തുടങ്ങിയപ്പോഴാണ് ചിലർ ഈ ആരോപണങ്ങൾ ഉയർത്തിയതെന്നും സ്വർണക്കടത്ത് അന്വേഷണം ചിലരുടെ ബന്ധുക്കളിലേക്ക് എത്തുന്ന അവസരത്തിലാണ് ലൈഫ് മിഷനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മൊയ്തീൻ പറഞ്ഞു. ഫ്ളാറ്റ് നിർമിക്കാൻ റെഡ് ക്രസന്റ് കരാർ നൽകിയ യുണിടാക് കമ്പനിക്കാരനെ തനിക്കറിയില്ല.
മോശപ്പെട്ട ഭാഷ ഉപയോഗിച്ച് പുലഭ്യം പറയുന്ന ഒരു ജനപ്രതിനിധിയുടെ നട്ടാൽ കുരുക്കാത്ത നുണയ്ക്കെതിരെയാണ് വക്കീൽ നോട്ടീസയച്ചതെന്നും ചാനൽ ചർച്ചകളിൽ ഒരടിസ്ഥാനവുമില്ലാത്ത കളവുകൾ പറയുകയാണ് എംഎൽഎയെന്നും മൊയ്തീൻ തുറന്നടിച്ചു.
തെളിവുകളില്ലെന്നും ആണയിട്ട് പറയുകയുമാണെന്നാണ് അനിൽ അക്കര പറയുന്നത്. ആണയിട്ടു പറഞ്ഞാൽ അത് വസ്തുതയാകുമോ. അനിലിന്റെ കയ്യിലാണ് തെളിവെന്നാണ് ചെന്നിത്തല പോലും പറയുന്നത്. പ്രതിപക്ഷ ബെഞ്ചിലെ ആരും എനിക്കെതിരെ ആരോപണം ഉന്നയിച്ചില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് അനിൽ അക്കര നുണപ്രചരണം ഉന്നയിക്കുന്നതെന്നും മൊയ്തീൻ പറഞ്ഞു.
പുകമറ സൃഷ്ടിച്ച് ലൈഫ് മിഷൻ പദ്ധതിയെ എംഎൽഎ തകർക്കുകയാണ്. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. പണിത കെട്ടിടത്തിന്റെ ഉറപ്പ് തൂണിൽ കൊട്ടി നോക്കി മന്ത്രിയല്ല പരിശോധിക്കേണ്ടത്. അതിന് വിദഗ്ധരുണ്ട്. 140 പേർക്ക് വീടുനൽകുന്ന ഒരു പദ്ധതിക്കാണ് എംഎൽഎ തടസം നിൽക്കുന്നതെന്നും മൊയ്തീൻ പറഞ്ഞു.
യുഎഇയിൽ നിന്ന് കിട്ടേണ്ട അഞ്ഞൂറു കോടി നഷ്ടപ്പെടുത്തിയെന്ന പുതിയ ആരോപണത്തെയും മൊയ്തീൻ വിമർശിച്ചു. ആരാണ് എംഎൽഎയോട് അഞ്ഞൂറു കോടി കിട്ടുമെന്ന് പറഞ്ഞതെന്ന് മന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ വരുമ്പോൾ മുട്ടുവിറച്ച് അഴിമതി ആക്ഷേപം ഉന്നയിക്കുന്ന വിവരംകെട്ട പണിയാണ് വടക്കാഞ്ചേരിയിലെ ജനപ്രതിനിധി ചെയ്യുന്നത്. തങ്ങൾ കമ്യൂണിസ്റ്റുകാരായത് പണമുണ്ടാക്കാനോ മന്ത്രിയാകാനോ അല്ലെന്നും മൊയ്തീൻ വ്യക്തമാക്കി.