Mon. Dec 23rd, 2024
പത്തനംതിട്ട:

ആറന്മുളയിൽ കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ച് പ്രതി നൗഫൽ. ആസൂത്രിതമായിരുന്നു പീഡനമെന്ന് പൊലീസ് വ്യക്തമാക്കി. ആംബുലൻസിൽ രണ്ട് സ്ത്രീകളാണുണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലും മറ്റൊരാളെ പന്തളത്തെ കൊവിഡ് കെയർ സെന്ററിലും പ്രവേശിപ്പിക്കാനായിരുന്നു നിർദേശം. അടൂരിൽ നിന്ന് പന്തളം തൊട്ടടുത്തായിരുന്നിട്ടും കോഴഞ്ചേരിയിലേക്ക് വണ്ടി വിട്ട പ്രതി 18 കിലോമീറ്ററോളം സഞ്ചരിച്ച് സ്ത്രീയെ കോഴഞ്ചേരിയിൽ ഇറക്കിയ ശേഷം പെൺകുട്ടിയുമായി പന്തളത്തേക്ക് മടങ്ങുകയായിരുന്നു.

അതേസമയം പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പീഡന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു. സംഭവത്തിൽ പത്തനംതിട്ട എസ് പി കെ ജി സൈമണിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഷാഹിദാ കമാൽ വ്യക്തമാക്കി.

ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്. ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ക്രിമിനൽ കേസ് പ്രതിയാണ്.