Sat. Apr 5th, 2025
പത്തനംതിട്ട:

പത്തനംതിട്ട ആറൻമുളയിൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കോവിഡ് രോഗിയെ പീഡിപ്പിച്ചു. യുവതിയെ ആശുപത്രിയിലെത്തിക്കാൻ ചുമതലപ്പെടുത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പീഡിപ്പിച്ചത്. ഇതിനെത്തുടർന്ന്  കായംകുളം സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു.ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവർ അതിക്രമം നടത്തിയത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത് .ആംബുലൻസിൽ രണ്ട് യുവതികൾ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കിവിട്ട ശേഷമാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ ഡ്രൈവർ പീഡിപ്പിച്ചത്.

ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെത്തിയ യുവതി അധികൃതരോട് വിവരം തുറന്നു പറഞ്ഞു. പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ പൊലീസിൽ വിവരം അറിയിച്ചു. പീഡനവിവരം ആരോടും പറയരുതെന്നും ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ കൂടുതൽ പരിശോധനക്ക് വിധേയയാക്കി.