Mon. Dec 23rd, 2024

പത്തനംതിട്ട:

വകയാർ പോപ്പുലർ ഫിനാൻസിന് എതിരേയുള്ള സാമ്പത്തിക തിരിമറിയിൽ പണം കിട്ടാനായി കോന്നി പോലീസിൽ പരാതി നൽകിയവരുടെ എണ്ണം മൂവായിരമായി. വകയാർ ആസ്ഥാനമായുള്ള പോപ്പുലർ ഫിനാൻസിന്റെ ശാഖകളിൽ പണം നിക്ഷേപിച്ചവരിൽ അധികവും വിരമിച്ച അധ്യാപകരും, പുറംനാട്ടിൽനിന്ന് വന്ന മലയാളികളുമാണ്. പോപ്പുലറിന്റെ സ്ഥാപകൻ ഇണ്ടിക്കാട്ടിൽ ടി.കെ.ദാനിയേൽ അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ പരിചയത്തിലാണ് വിരമിച്ച അധ്യാപകർ പലരും പെൻഷൻതുകയും ആനുകൂല്യങ്ങളും പോപ്പുലറിൽ നിക്ഷേപിച്ചത്.

ദാനിയേലിന്റെ മരണംവരെ പലിശ കൃത്യമായി ഇവർക്ക് ലഭിച്ചതായി ഇവർ പറയുന്നു. മകൻ തോമസ് ദാനിയേലും ഭാര്യ പ്രഭയും മക്കളും നേതൃസ്ഥാനത്ത് എത്തിയതോടെ സാമ്പത്തിക കാര്യങ്ങളിൽ കൃത്യത നഷ്ടപ്പെട്ടു. നിക്ഷേപമായി കിട്ടുന്ന പണം സ്വന്തം സുഖസൗകര്യങ്ങൾക്ക് ചെലവഴിച്ചതായാണ് ചില ബന്ധുക്കൾ പറയുന്നത്. ഇവർക്ക് എട്ട് ആഡംബര വാഹനങ്ങൾ ഉണ്ടായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ബ്രാഞ്ചുകൾ കൂട്ടുക എന്നതായിരുന്നു ഇവരുടെ രീതിയെന്നും ബന്ധുക്കൾ പറയുന്നു. ഏതെങ്കിലും സ്ഥലത്ത് പുതിയ ബ്രാഞ്ച് തുടങ്ങി നാട്ടുകാരായ മൂന്നുപേർക്ക് തൊഴിൽ നൽകും. അവരുടെ ജോലിയാണ് നിക്ഷേപങ്ങൾ ബാങ്കിൽ എത്തിക്കുക എന്നുള്ളത്. അടൂരിന് സമീപമുള്ള ഒരു ബ്രാഞ്ചിൽ ഇത്തരത്തിൽ മാനേജർ മുൻകൈ എടുത്ത് അഞ്ചുകോടി രൂപ നിക്ഷേപമായി സമാഹരിച്ചു.

കുമ്പഴയിൽനിന്ന് വിരമിച്ച ഒരു അധ്യാപകൻ പെൻഷൻ തുക പോപ്പുലറിൽ നിക്ഷേപിച്ചു. തുടർന്ന് അദ്ദേഹത്തെ ജില്ലാ ആസ്ഥാനത്തെ ശാഖാമാനേജരായി നിയമിച്ചു. അദ്ദേഹത്തിന് നല്ലൊരു തുക നഷ്ടപ്പെട്ടതായിട്ടാണ് മാനേജർമാരുടെ യോഗത്തിൽ വെളിപ്പെടുത്തിയത്.

അതേസമയം, പോപ്പുലർ ഫിനാൻസിന്റെ ബ്രാഞ്ചുകളിൽ പണയം വെച്ചിട്ടുള്ള  സ്വർണ ഉരുപ്പടികൾ സൂക്ഷിച്ചിട്ടുണ്ട്. അവ തിരികെ കിട്ടാൻ, പണയം വെച്ചിട്ടുള്ളവർ ബ്രാഞ്ച് ജീവനക്കാരെ സമീപിക്കുന്നുണ്ട്. പോലീസ് നിർദേശം ഇല്ലാത്തതിനാൽ ബ്രാഞ്ചുകൾ തുറക്കാൻപറ്റാത്ത അവസ്ഥയിലാണ്. പോലീസ് നിർദേശമുണ്ടായാൽ ഇത്തരം സ്വർണ ഉരുപ്പടികൾ തിരികെ നൽകാമെന്നാണ് ജീവനക്കാർ പറയുന്നത്.

By Arya MR