Wed. Jan 22nd, 2025

ആലപ്പുഴ:

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ തോമസ് കെ തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. അന്തരിച്ച മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്. എന്‍സിപി നേതാവും മന്ത്രിയുമായ എ.കെ.ശശീന്ദ്രനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എല്‍ഡിഎഫുമായി ചേര്‍ന്ന് സ്ഥാനാർത്ഥി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ എന്‍സിപിയോട് എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എകെ ശശീന്ദ്രന്‍ അറിയിച്ചു.

തോമസ് കെ തോമസിനെ സ്ഥാനാർത്ഥിയാക്കുന്നതിന് എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തോമസ് കെ തോമസിനെ സ്ഥാനാർത്ഥിയാക്കാൻ നേരത്തെ തീരുമാനിച്ചതാണെന്ന് പാലാ എംഎൽഎ മാണി സി.കാപ്പനും അറിയിച്ചു. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി മാറ്റ ചര്‍ച്ചകൾ സജീവമായി ഇരിക്കെ പാലായും കുട്ടനാടും എൻസിപി വിട്ടു കൊടുക്കില്ലെന്നും മാണി സി കാപ്പൻ പറയുന്നു. കുട്ടനാടും പാലായും എൻസിപിയുടെ സീറ്റാണ്. അത് രണ്ടും കിട്ടുമെന്ന് മോഹിച്ച് ഇടത് മുന്നണിയിലേക്ക് ജോസ് വിഭാഗം വരേണ്ടതില്ലെന്നാണ് മാണി സി കാപ്പൻ അഭിപ്രായപ്പെട്ടത്.

കുട്ടനാട്ടിലും ചവറയിലും കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നവംബറിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

By Arya MR