ന്യൂഡല്‍ഹി:
നീറ്റ്-ജെഇഇ പരീക്ഷകള്‍ നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്.
കൊവിഡ് സാഹചര്യം പരിഗണിച്ചും, കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പരീക്ഷ മാറ്റിവെയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന 6 സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ സംയുക്തഹര്‍ജി നല്‍കിയത്. നേരത്തേ 11 വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. നീറ്റ് സെപ്റ്റംബർ 13ന് തന്നെ നടത്തണമെന്നും അല്ലാത്തപക്ഷം വിദ്യാർത്ഥികളുടെ ഒരു വർഷം പോകുമെന്നും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ ധരിപ്പിച്ചതിനെത്തുടർന്നായിരുന്നു വിദ്യാർത്ഥികളുടെ ഹർജികള്‍ കോടതി തള്ളിയത്.
ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ ആയിരുന്നു സെപ്റ്റംബര്‍ ഒന്ന് മുതല്‍ രാജ്യത്തെ ഐഐടികൾ ഉൾപ്പെടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള ജെഇഇ പ്രവേശന പരീക്ഷകള്‍ ആരംഭിച്ചത്. സെപ്തംബര്‍ 6 വരെയാണ് ജെഇഇ പരീക്ഷ നടക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നീറ്റ് പരീക്ഷ സെപ്തംബർ 13 നാണ് നടക്കേണ്ടത്.