തിരുവനന്തപുരം:

രക്തസാക്ഷികളെ ഗുണ്ടകളെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും, വെഞ്ഞാറമ്മൂട്ടിലെ  കൊലപാതകികളെ മഹത്വവത്കരിക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമകാരികള്‍ക്ക് പരസ്യ പിന്തുണയാണ് യുഡിഎഫ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന് അന്ധമായ ഇടതുപക്ഷ വിരോധമാമെന്നും കോടിയേരി തുറന്നടിച്ചു.

രണ്ടുഗുണ്ടാസംഘങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലാണെന്ന് പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. അക്രമം നടത്തിയവരെ തള്ളിപ്പറയാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. കോണ്‍ഗ്രസിന്റെ നിലപാട് അത്യധികം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിനീഷ് കോടിയേരിയെ കുറിച്ച് ഇല്ലാത്ത കഥകളാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിനീഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സജ്ജമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ 23ന് അഴീക്കോടന്‍ രക്തസാക്ഷി ദിനത്തില്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിഷേധ പരിപാടിയായി ബഹുജനകൂട്ടായ്മ നടത്തണമെന്ന പാര്‍ട്ടിയുടെ ആഹ്വാനവും അദ്ദേഹം അറിയിച്ചു.

Advertisement