കോഴിക്കോട്:
അധ്യാപികയായ സായി ശ്വേതയെ അപമാനിച്ചെന്ന പരാതിയില്‍ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയ്ക്കെതിരെ വനിതാകമ്മിഷന്‍ കേസെടുത്തു. കോഴിക്കോട് റൂറല്‍ എസ്പിയോട് വനിതാകമ്മിഷന്‍ അധ്യക്ഷ റിപ്പോര്‍ട്ട് തേടി. സിനിമയിലേക്കുള്ള ക്ഷണം നിരസിച്ചതിന്റെ പേരില്‍ ഫെയ്സ്ബുക് വഴി വ്യക്തിഹത്യ ചെയ്തെന്നായിരുന്നു സായി ശ്വേതയുടെ ആരോപണം.
അതേസമയം, വനിത കമ്മീഷന്‍ തനിക്കെതിരെ കേസെടുത്ത വിവരം അദ്ദേഹം തന്നെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ”ശ്രീജിത്ത് പെരുമനയ്‌ക്കെതിരെ സംസ്ഥാന വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആഹ്ലാദിപ്പിൻ അർമാദിപ്പിൻ ❤️✌️ എല്ലാം സ്ത്രീകളുടെ നന്മയ്ക്കു വേണ്ടിയാണല്ലോ എന്നതാണ് ഏക ആശ്വാസം”.- എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസ പോസ്റ്റ്.
വിക്ടേഴ്സ് ചാനലിൽ മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞുള്ള ഓൺലൈൻ ക്ലാസ്സിലൂടെയാണ് സായി ശ്വേത സാമൂഹിക മാധ്യമങ്ങളില്‍ ഇടം നേടിയത്. ഇതിനുശേഷം നിരവധി പ്രോഗ്രാമുകൾക്ക് തന്നെ വിളിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം സിനിമയിൽ ഒരു അവസരം നൽകാമെന്ന് പറഞ്ഞുകൊണ്ടു തന്നെ വിളിച്ചയാള്‍, താൻ അത് നിരസിച്ചപ്പോൾ അപമാനിക്കുകയാണ് ചെയ്തതെന്ന് സായി ശ്വേത ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
ഒരു സ്ത്രീയോട് അപരിചിതനായ ഒരാൾ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കിൽ സമൂഹ മധ്യത്തിൽ അയാൾക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലർ ജന്മ അവകാശം പോലെ കരുതുന്നതിന്റെ ഏറ്റവും പുതിയ അനുഭവമാണിത്. വിദ്യാസമ്പന്നരെന്ന് നമ്മൾ കരുതുന്നവർ പോലും ഇങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നതെന്നും അവര്‍ വിമര്‍ശിച്ചിരുന്നു.