Sun. Dec 22nd, 2024

ലഖിംപൂര്‍ ഖേരി:

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ വീണ്ടും നാടിനെ നടുക്കി കൊടുംക്രൂരത. മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ  20 ദിവസത്തിനിടെ ലഖിംപൂരില്‍ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗ കൊലപാതകമാണിത്.

ബുധനാഴ്ചയാണ് കുഞ്ഞിനെ കാണാതാവുന്നത്. തലയില്‍ പരിക്കേറ്റ നിലയില്‍ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയായിട്ടായിരുന്നു മൃതദേഹം കിടന്നിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞ് ലെെംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.

പെണ്‍കുഞ്ഞിന്റെ അച്ഛന്റെ പരാതിയില്‍ തൊട്ടടുത്തുള്ള ഗ്രാമത്തിലുള്ള ലെക്‌റാം എന്നയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്‍ വൈരാഗ്യങ്ങളുടെ പേരില്‍ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.

പത്ത് ദിവസം മുന്‍പായിരുന്നു ലെഖിംപൂര്‍ ഖേരിയിലുള്ള ഒരു പതിനേഴ് വയസുകാരി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നും സ്‌കോളര്‍ഷിപ്പ് ഫോം പൂരിപ്പിക്കാനായി ബന്ധുവീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള കാടിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

പതിനേഴുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇതേഗ്രാമത്തില്‍ തന്നെയുള്ള 13കാരിയെ ക്രൂരമായ ലെെഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയത്. വീടിനടുത്തുള്ള കരിമ്പിന്‍ തോട്ടത്തില്‍ മരിച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം.

അതേസമയം, ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതക പരമ്പര തുടരുമ്പോള്‍ പ്രതികളെ പിടികൂടാന്‍ യോഗി ആദിത്യനാഥിന്‍റെ പൊലീസിന് സാധിക്കുന്നില്ലെന്നും, സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായെന്നും കോണ്‍ഗ്രസും, സമാജ്വാദ് പാര്‍ട്ടിയും ആരോപിച്ചു. മുഖ്യമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തെ ക്രമസമാധാന നില ഉറപ്പുവരുത്താന്‍ യോഗി ആദിത്യനാഥിന് ഉത്തരവാദിത്വം ഉണ്ടെന്നും എന്നാല്‍ അദ്ദേഹം യാതൊന്നും ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam