എറണാകുളം:
ഭാര്യയുമായി വഴക്കുണ്ടാക്കിയതിന് ഭർത്താവിന്റെ നട്ടെല്ലും വാരിയെല്ലും പോലീസ് അടിച്ച് പൊട്ടിച്ചെന്ന പരാതി നിഷ്പക്ഷവും നീതിപൂർവകവുമായി അന്വേഷിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
എറണാകുളം കരുമാലൂർ മനയ്ക്കപ്പടി സ്വദേശി പരേതനായ ജോണി ജോസഫിന്റെ പരാതി അന്വേഷിക്കാനാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കർശന നടപടിയുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഉത്തരവിൽ പറയുന്നു.
2015 ജൂൺ 18 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് വീട്ടിലെത്തിയ ആലുവ വെസ്റ്റ് പോലീസ് എസ് ഐ സി.വി. ലൈജു മോൻ തന്നെ കസ്റ്റഡിലെടുത്ത് കഠിനമായ മർദ്ദിച്ചതായി ജോണി ജോസഫ് കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇതിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് പരാതിക്കാരൻ 2015 ജൂണിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
പരാതിയെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കമ്മീഷൻ ആലുവ റുറൽ എസ് പിക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും പോലീസുകാർക്ക് അനുകൂലമായ നിലപാടാണ് എസ്.പി സ്വീകരിച്ചത്. തുടർന്ന് 2019 ജനുവരി 4 ന് പരാതിക്കാരൻ വീണ്ടും കമ്മീഷനെ സമീപിച്ചു. ആലുവ പോലീസ് ഇൻസ്പെക്ടറോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് മറുപടി സമർപ്പിച്ചു.