Mon. Dec 23rd, 2024

വടക്കാഞ്ചേരി:

വടക്കാഞ്ചേരി ഫ്ളാറ്റ് വിവാദത്തിൽ അനിൽ അക്കര എംഎൽഎയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം. അനിൽ അക്കര സാത്താന്റെ സന്തതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ വിമര്‍ശിച്ചു. പദ്ധതിയിൽ നിന്ന് കമ്മീഷൻ ലഭിക്കാത്തതാണ് അനിൽ അക്കര എംഎൽഎയെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു. അതേസമയം, താന്‍ സാത്താന്‍റെ സന്തതിയെന്ന ബേബി ജോണിന്‍റെ പരാമര്‍ശത്തോടെ സ്വന്തം മുഖം കണ്ണാടിയിൽ നോക്കണമെന്നായിരുന്നു അനില്‍ അക്കരയുടെ മറുപടി.

വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണം മുടക്കുന്നത് സ്ഥലം എംഎൽഎയായ അനിൽ അക്കരയാണെന്ന് സിപിഎം ആരോപിച്ചു. ഇക്കാര്യം വിശദീകരിക്കാനാണ് സി.പി.എം സത്യാഗ്രഹം സംഘടിപ്പിച്ചത്. സ്വപ്നയ്ക്ക് ഒരു കോടി കിട്ടിയെങ്കിൽ തനിക്കും കിട്ടണ്ടേയെന്നാണ് എം. എൽ.എയുടെ ചിന്തയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബേബി ജോൺ പരിഹസിച്ചു.

സ്വന്തം മണ്ഡലമായ വടക്കാഞ്ചേരിയിൽ ഒരു വികസന പ്രവർത്തനം പോലും നടത്താത്ത എം എൽ എ ഭവനരഹിതർക്ക് വീട് ലഭിക്കുന്ന പദ്ധതി തകർക്കാൻ ശ്രമിക്കുന്നത് ദുഷ്ടലാക്കോടെയാണ്. സർക്കാരിനെയും വടക്കാഞ്ചേരി നഗരസഭ ഭരണ സമിതിയെയും മന്ത്രി എ സി മൊയ്തീനെയും അപകീർത്തിപ്പെടുത്താനാണ് എംഎൽഎ യുടെ നീക്കമെന്നും നേതാക്കൾ ഒന്നടങ്കം ആരോപിച്ചു. അതേസമയം, പദ്ധതി നടത്തിപ്പിനായി യൂണിടാക്കിനെ തെരഞ്ഞെടുത്തത് ലൈഫ് മിഷൻ ആണെന്ന് തെളിയിക്കുന്ന രേഖകളും എംഎൽഎ പുറത്തുവിട്ടു.

By Binsha Das

Digital Journalist at Woke Malayalam