Thu. Apr 18th, 2024

വാഷിങ്ടൺ:

പോര്‍ട്ട്‌ലന്‍ഡ് പ്രക്ഷോഭത്തെ ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും കൊമ്പുകോർത്തു. ‘ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ്’ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയ വലതുപക്ഷക്കാരെ ട്രംപ് രാജ്യസ്‌നേഹികൾ എന്ന് വിശേഷപ്പിച്ചതാണ് വാക്ക്പോരിന് തുടക്കമിട്ടത്. അക്രമങ്ങള്‍ക്കെല്ലാം കാരണം ഡെമോക്രാറ്റിക് മേയറാണെന്നും ട്രംപും കുറ്റപ്പെടുത്തി.

കൂടാതെ, ബൈഡന് രാജ്യം നയിക്കാനറിയില്ലെന്നും ട്രംപ് പരിഹസിച്ചു. എന്നാല്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം ആളിക്കത്തിക്കാനാണ് പ്രസിഡന്റ് ട്രംപ് ശ്രമിക്കുന്നതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ ജോ ബൈഡൻ തിരിച്ചടിച്ചു. പ്രക്ഷോഭം രൂക്ഷമായ കെനോഷയില്‍ ട്രംപ് ഇന്ന് സന്ദര്‍ശനം നടത്തും.

അമേരിക്കയിലെ പോര്‍ട്ട്‌ലന്‍ഡില്‍ ട്രംപ് അനുയായികളും വംശീയവിരുദ്ധ പ്രക്ഷോഭകരും ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. മെയ് 25ന് ജോര്‍ജ്ജ് ഫ്ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത് ലോകവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് മൂന്നു മാസമായി പോര്‍ട്ട് ലാന്‍ഡില്‍ ശക്തമായ വംശീയ വിരുദ്ധ പ്രക്ഷോഭം നടക്കുകയാണ്.