Thu. Apr 25th, 2024

ഡൽഹി:

ബിജെപി സർക്കാരിന്റെ അപ്രീതി ഭയന്ന് ബിജെപി നേതാക്കളുടെ മുസ്​ലിം വിരുദ്ധ പോസ്റ്റുകൾക്ക് നേരെ കണ്ണടയ്ക്കരുതെന്ന് ഫേസ്ബുക്ക് മേധാവിയോട് കോൺഗ്രസ്സ്.  ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സിഇഓ മാർക് സുക്കൻബർഗിന് കോൺഗ്രസ് കത്തെഴുതി. രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘട ചുമതലയുള്ള കെസി വേണുഗോപാൽ അയച്ച കത്തിൽ വ്യക്തമാക്കി. ഫേസ്ബുക്കിന്‍റെ ഇത്തരം നീക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഫേസ്ബുക്കിന്‍റെ വിദ്വേഷ പ്രസംഗ നിയമാവലികൾ ബിജെപി നേതാക്കൾക്കെതിരെയും ഹിന്ദുത്വവാദികൾക്കും സംഘടനകൾക്കും എതിരെയും നടപ്പാക്കുന്നത് ഫേസ്ബുക്ക് ഇന്ത്യയുടെ ഉന്നതോദ്യോഗസ്ഥ അങ്കി ദാസ് തടയുന്നതായി ദ വാൾസ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തത്. വർഗീയ പരാമർശം നടത്തിയ തെലങ്കാനയിലെ ബിജെപി നേതാവ് ടി രാജാ സിങ്ങിനെതിരെ വിദ്വേഷ പ്രസംഗ നിയമാവലി പ്രകാരം നടപടിയെടുക്കുന്നത് അങ്കി ദാസ് തടഞ്ഞതായി ദ വാൾസ്ട്രീറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

ബിജെപിയുമായുള്ള ബന്ധം ഉലയാതിരിക്കാനാണിതെനന്ന് റിപ്പോർട്ടിൽ പറയുന്നു.  തെലങ്കാന നിയമസഭയിലെ ഒരേയൊരു ബിജെപി എംഎൽഎയായ രാജാ സിങ് വിദ്വേഷ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധനാണ്. ബിജെപി നേതാക്കൾക്കെതിരായ നടപടികൾ ഫേസ്ബുക്കിന്‍റെ ഇന്ത്യയിലെ വ്യാപാര താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് അംഖി ദാസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയതായി പേര് വെളിപ്പെടുത്താത്ത ഫേസ്ബുക്ക്  വൃത്തങ്ങളെ ഉദ്ധരിച്ച് ദ വാൾസ്ട്രീറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, ഇസ്ലാം വിരുദ്ധ പരാമർശം നടത്തിയതിന് അങ്കി ദാസ് തന്നെ കഴിഞ്ഞദിവസം തന്റെ ഫേസ്ബുക്ക് ജീവനക്കാരോടും പൊതുജനങ്ങളോടും മാപ്പ് ചോദിച്ചിരുന്നു. ഇന്ത്യന്‍ മുസ്ലിങ്ങള്‍ മത ശുദ്ധിയും ശരിയത്ത്‌ നടപ്പാക്കലും അല്ലാതെയുള്ള കാര്യങ്ങളില്‍ അധ:പതിച്ച സമുദായമാണ് എന്നാണ് ഫേസ്‌ ബുക്ക്‌ ഇന്ത്യയുടെ എക്‌സിക്യൂട്ടിവ്‌ അങ്കി ദാസ് പോസ്റ്റിട്ടത്.