Fri. Dec 27th, 2024

മലപ്പുറം:

കോവിഡിനെ പരാജയപ്പെടുത്തി 110 വയസുകാരി പാത്തു ജീവിതത്തിലേക്ക് തിരിച്ചെത്തി. കോവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കോവിഡ് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ ആളെന്ന നേട്ടവും പാത്തുവിന് അവകാശപ്പെടാം.

ഓഗസ്റ്റ് 18നാണ് പാത്തുവിന് രോഗം സ്ഥിരീകരിച്ചത്. മകളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതയായത്. ശാന്തമായാണ് ഇവര്‍ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആരോഗ്യവതിയായി തിരിച്ചു വന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പാത്തുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ക്കും സര്‍ക്കാരിനും ആരോഗ്യവകുപ്പിനും അവര്‍ നന്ദി പറഞ്ഞു. 14 ദിവസം കൂടി പാത്തു വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

വിദഗ്‌ധ ചികിത്സയിലൂടെ കോവിഡിന്റെ പിടിയില്‍ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്ന് 105 വയസുകാരി അഞ്ചല്‍ സ്വദേശിനി അസ്‌മ ബീവി, എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് 103 വയസുകാരന്‍ ആലുവ മാറമ്പള്ളി സ്വദേശി പരീദ് എന്നിവര്‍ കോവിഡ് മുക്തി നേടിയിരുന്നു.