ന്യൂഡല്‍ഹി:
സംഘടന തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ അടുത്ത അമ്പത് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനം നഷ്ടമാകുമെന്ന് ഭയക്കുന്നവരാണ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിര്‍ക്കുന്നത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ കുറച്ച് ദശകങ്ങളായി പാര്‍ട്ടിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു നേതൃസംവിധാനമില്ല. ഇപ്പോഴാകട്ടെ പല തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതില്‍നിന്നൊക്കെ മാറ്റം കൊണ്ടുവരാന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന് സംഘടനാ തിരഞ്ഞെടുപ്പാണ് മുന്നിലുള്ള ഏറ്റവും നല്ല വഴിയെന്നും ഗുലാംനബി ആസാദ് അഭിപ്രായപ്പെട്ടു.
https://www.facebook.com/GhulamNabiAzadINC/videos/957106034792475/
നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ ഒരാളാണ് ഗുലാംനബി ആസാദ്. അതേസമയം, നേൃത്വത്തെ വിമര്‍ശിച്ച് കത്തെഴുതിയ നേതാക്കളെ ഒതുക്കാനുള്ള നടപടികളുമായാണ് സോണിയ ഗാന്ധി മുന്നോട്ട് പോകുന്നത്. രാജ്യസഭയിലും, ലോക്സഭയിലും അഴിച്ചുപണികൾ നടത്തിയിരിക്കുകയാണ് സോണിയ ഗാന്ധി. രാജ്യസഭയിൽ ചീഫ് വിപ്പായി ജയ്‌റാം രമേഷിനെയും രാഷ്ട്രീയ ഉപദേശകരായി അഹമ്മദ് പട്ടേൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെസി വേണുഗോപാൽ എന്നിവരെയും നിയമിച്ചു.