മുംബെെ:
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുശാന്തിന്റെ മുൻ കാമുകി റിയ ചക്രവർത്തിയെ സിബിഐ ചോദ്യം ചെയ്തു. സുശാന്ത് ലഹരി മരുന്ന് പതിവായി ഉപയോഗിക്കാറുണ്ടായിരുന്നു. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും റിയ സിബിഐക്ക് മൊഴി നല്‍കി.
റിയ ചക്രവര്‍ത്തിയുടെ പിതാവിനെയും സഹോദരനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ കുടെയുണ്ടായിരുന്ന സിദ്ധാര്‍ത്ഥ് പിത്താനിയെ ഏഴു ദിവസമാണ് ചോദ്യം ചെയ്തിരുന്നത്.
അതേസമയം, എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആദ്യമായി ഈ ആരോപണങ്ങളെ കുറിച്ച് റിയ മനസ്സുതുറന്നു. സുശാന്തിന് അദ്ദേഹത്തിന്റെ പിതാവുമായി നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത് എന്ന് റിയ പറയുന്നു. സുശാന്തിന്റെ കുടുംബവും സഹോദരിമാരും അദ്ദേഹത്തിന്റെ മാനസികാരോഗ്യ ചികിത്സയിൽ പങ്കാളികളാകണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ അവർക്ക് ഒരു ദിവസത്തിൽ കൂടുതൽ പരസ്പരം താങ്ങായി നിൽക്കാൻ കഴിഞ്ഞില്ലെന്നും റിയ പറഞ്ഞു.
2018ൽ സഞ്ജന സാംഘ്‌വി എന്ന നടിയിൽനിന്ന് സുശാന്ത് ‘മീ ടൂ’ ആരോപണം നേരിട്ടിരുന്നു. പലരും അത് സത്യമാണെന്ന് തെറ്റിദ്ധരിച്ചു. എന്നാൽ ഒന്നര മാസം കഴിഞ്ഞപ്പോൾ സഞ്ജന തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. ഈ ആരോപണം അദ്ദേഹത്തെ ഏറെ വേട്ടയാടിയിരുന്നു. രോഹിണി അയ്യർ എന്ന വനിതയുമായും ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇവർ ഇടയ്ക്ക് സന്ദേശമയയ്ക്കുന്നതു പോലും സുശാന്തിനെ ആശങ്കപ്പെടുത്തിയിരുന്നു.
തന്റെ സ്വപ്നങ്ങളെല്ലാം തകർന്നു പോയി. ചില സമയത്ത് ഇതെന്റെ ജീവിതം തന്നെയാണെന്ന് വിശ്വസിക്കാൻ തനിക്ക് സാധിക്കാറില്ലെന്ന് റിയ അഭിമുഖത്തില്‍ പറയുന്നു. സുശാന്ത് ഇനിയില്ലെന്ന് വിശ്വസിക്കാൻ കഴിയാറില്ല. ലോകത്തോട് സത്യം വിളിച്ചു പറയാൻ സുശാന്ത് ഇപ്പോൾ നമുക്കൊപ്പമില്ല. പക്ഷെ താന്‍ പോരാടും. തോറ്റുകൊടുക്കാൻ തയ്യാറല്ലെന്നും റിയ വ്യക്തമാക്കി.