Mon. Dec 23rd, 2024

 

ഇന്ന് അയ്യങ്കാളി ജയന്തി. ജാതിഭ്രാന്തിനെതിരെ പോരാടിയ സാമൂഹികപരിഷ്കർത്താവാണ് അയ്യങ്കാളി. ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രം സഞ്ചരിക്കാൻ അവകാശമുണ്ടായിരുന്ന വഴിയിലൂടെ വില്ലുവണ്ടി തെളിച്ചുകൊണ്ടാണ്  മഹാത്മാ അയ്യങ്കാളി രംഗത്തെത്തിയത്. മനുഷ്യാവകാശങ്ങൾക്കുവേണ്ടി ധീരതയോടെ പോരാടിയ സാമൂഹികപരിഷ്ക്കർത്താവ് എന്ന നിലയിൽ കേരളചരിത്രത്തിൽ അടയാളപ്പെടുത്തിയ നേതാവണ് അയ്യങ്കാളി.

പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കുകൊണ്ടുവരാൻ നിലകൊണ്ട നവോത്ഥാനനായകനായിരുന്നു അദ്ദേഹം. വീണ്ടുമൊരു ഓഗസ്റ്റ് 28 കടന്നുവരുമ്പോൾ അയ്യങ്കാളി ജയന്തി ആഘോഷത്തിന്‍റെ നിറവിലാണ് കേരളം.

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ വീട്ടിൽ 1863 ഓഗസ്റ്റ് 28ന് അയ്യൻ-മാല ദമ്പതികളുടെ മകനായാണ് അയ്യങ്കാളി ജനിച്ചത്. അയ്യങ്കാളി ഉൾപ്പെടുന്ന പുലയ സമുദായം അക്കാലത്ത് എല്ലാതരത്തിലും സമൂഹത്തിൽ ബഹിഷ്കൃതരായിരുന്നു. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്കു് അവകാശമുണ്ടായിരുന്നില്ല.

പാടത്തു പണിയെടുത്തു വരുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ ഇലവച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധഃസ്ഥിതർ രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല, ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലയും മാലയും കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല.

സ്വസമുദായത്തിൽനിന്നുതന്നെ ഉയർന്ന എതിർപ്പുകൾ അവഗണിച്ച് മുപ്പതാം വയസിൽ ഈ  കിരാത നിയമങ്ങൾക്കെതിരെ അദ്ദേഹം രംഗത്തിറങ്ങി. ജന്മികളെ കായികമായി നേരിടാൻ ഒരുകൂട്ടം ചെറുപ്പക്കാർക്ക് പരിശീലനം നൽകിയായിരുന്നു അയ്യങ്കാളിയുടെ പടപുറപ്പാട്. 1898-99 കാലഘട്ടങ്ങളിൽ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജന്മികളുമായി ഏറ്റുമുട്ടി. പലപ്പോഴും ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും സമുദായത്തിനുള്ളിൽ അയ്യങ്കാളി ആരാധ്യപുരുഷനായി മാറി.

അയ്യങ്കാളിയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904-ൽ വെങ്ങാനൂരിൽ തന്റെ കൂട്ടാളികളുമായി ചേർന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിർമ്മിച്ചു. പക്ഷെ സവർണർ അന്നു രാത്രി തന്നെ ആ കുടിപ്പള്ളിക്കൂടം തീയിട്ടു. അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാൻ അദ്ദേഹം തെരഞ്ഞടുത്ത വഴിയായിരുന്നു പിൽക്കാലത്തു കാർഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടൽ സമരം.

1907 -ൽ പുലയക്കുട്ടികൾക്കു പള്ളിക്കൂടത്തിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായി. ദീർഘനാളത്തെ ഭൂമി തരിശിടൽ സമരത്തിന്റെ ഒത്തുതീർപ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു ഈ ഉത്തരവ്. ഉത്തരവുണ്ടായെങ്കിലും അയിത്തജാതിക്കുട്ടികൾക്ക് സ്വാഭാവികമായി വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കാൻ കഴിയുമായിരുന്നില്ല. അനന്തര ഫലമായി അയിത്തജാതികളിൽപ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിയമം അധികൃതർ കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ചു 1914-ൽ വിദ്യഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചു.

പ്രസ്തുത ഉത്തരവിന്റെ പിൻബലത്തിൽ തെന്നൂർകോണത്ത് പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസുള്ള മകൾ പഞ്ചമിയെയും കൂട്ടി അയ്യങ്കാളിയും സംഘവും നെയ്യാറ്റിൻകര താലൂക്കിലെ ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെൺകുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് ഉയർന്ന ജാതിക്കാർ അതിനോട് പ്രതികരിച്ചത്.

ഇത്തരമൊരു ഘട്ടത്തിലാണ് അയിത്തജാതിക്കാർക്കായി പ്രത്യേക പള്ളിക്കൂടം എന്നൊരാശയം അയ്യങ്കാളിക്ക് തോന്നിയത്. അദ്ദേഹം ഇക്കാര്യത്തിന് പ്രാമുഖ്യം നൽകികൊണ്ട് നിവേദനം തയ്യാറാക്കുകയും മിച്ചൽ സായിപ്പിനെ നേരിൽ കണ്ടു കാര്യം ബോധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1914-ൽ വെങ്ങാനൂർ പുതുവൽവിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 1905-ൽ അയ്യങ്കാളിയും കൂട്ടരും കെട്ടിയുയർത്തിയ കുടിപ്പള്ളിക്കൂടമാണ് ഇപ്രകാരം സർക്കാർ പള്ളിക്കൂടമായി മാറിയത്.

1941 ജൂണ്‍ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കര്‍മ്മനിരതനായിരുന്നു. ആ മഹത് ജീവിതത്തിന്റെ സ്മരണ നിലനിര്‍ത്തി വെങ്ങാനൂരില്‍ അദ്ദേഹത്തിന്റെ ശവകുടീരവും പ്രതിമയും സംരക്ഷിച്ചുപോരുന്നു. അടിച്ചമർത്തപ്പെട്ട, നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു അയ്യങ്കാളി. നൂറ്റാണ്ടുകൾ എത്ര കഴിഞ്ഞാലും, ലോകത്ത് എവിടെയൊക്കെ മനുഷ്യൻ അരികുചേർക്കപ്പെടുന്നുവോ അവിടെയൊക്കെ ആ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും.

By Athira Sreekumar

Digital Journalist at Woke Malayalam