Fri. Nov 22nd, 2024

ന്യൂഡെല്‍ഹി:

ഫേസ് ബുക്ക് പോസ്റ്റിലൂടെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ഫേസ്‌ ബുക്ക്‌ ഇന്ത്യയുടെ എക്‌സിക്യൂട്ടിവ്‌ അങ്കി ദാസ്‌ മാപ്പ്‌ പറഞ്ഞു. ഇന്ത്യന്‍ മുസ്ലിങ്ങള്‍ മത ശുദ്ധിയും ശരിയത്ത്‌ നടപ്പാക്കലും അല്ലാതെയുള്ള കാര്യങ്ങളില്‍ അധ:പതിച്ച സമുദായമാണ്‌ എന്ന‌ പരാമര്‍ശമുള്ള പോസ്‌റ്റ്‌ ആണ്‌ വിവാദമായത്. അങ്കിയുടെ പരാമര്‍ശത്തിനെതിരെ ജീവനക്കാര്‍ക്കിടയിലും പുറത്തും പ്രതിഷേധം ഉയര്‍ന്നിരുന്നു.

2019ല്‍ ഒരു വിരമിച്ച പൊലീസ്‌ ഉദ്യോഗസ്ഥന്‍ സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരെ എഴുതിയ ലേഖനം പോസ്‌റ്റ്‌ ചെയ്‌തുകൊണ്ടാണ്‌ ഈ പരാമര്‍ശം നടത്തിയത്‌. എന്നാല്‍ തന്റെ പോസ്‌റ്റ്‌ ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഉള്ളതായിരുന്നില്ല എ‌ന്നാണ്‌ അങ്കി ദാസ്‌ ജീവനക്കാരോട്‌ വിശദീകരിച്ചത്‌.ഫെമിനിസത്തെക്കുറിച്ചുള്ള തന്റെ കാഴ്‌ച്ചപ്പാട്‌ പ്രകടിപ്പിക്കുകയാണ്‌ ചെയ്‌തത്‌. തന്റെ പോസ്‌റ്റിനെക്കുറിച്ചുള്ള വ്യത്യസ്‌തമായ വീക്ഷണങ്ങള്‍ എല്ലാം കേട്ട ശേഷം ആ പോസ്‌റ്റ്‌ ഡിലീറ്റ്‌ ചെയ്‌തു.

ഫേസ് ബുക്ക് ഇന്ത്യയിലെ മുസ്ലിങ്ങളായ ജീവനക്കാര്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും തന്റെ പരാമര്‍ശം മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട്‌ മാപ്‌ഫ്‌ പറയുന്നതായും ജീവനക്കാര്‍ക്ക്‌ അയച്ച സന്ദേശത്തില്‍ പറയുന്നു.

ഇന്ത്യയില്‍ ഫേസ്‌ബുക്കും വാട്ട്‌സ്‌ ആപ്പും നിയന്ത്രിക്കുന്നത്‌ ബിജെപിയും ആര്‍എസ്‌എസുമാണെന്ന്‌ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. അവര്‍ ഈ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണവും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ അങ്കി ദാസ്‌ ബിജെപിക്ക്‌ അനുകൂലമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വര്‍ഗീയ പരാമര്‍ശം നടത്തിയ തെലങ്കാനയിലെ ബിജെപി നേതാവ്‌ ടി രാജാ സിംഗിനെതിരെ നടപടിയെടുക്കുന്നത്‌ തടഞ്ഞതായും വിമര്‍ശിക്കപ്പെട്ടിരുന്നു.

ഫേസ്‌ ബുക്കിനെതിരായ ആരോപണങ്ങള്‍ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഐ ടി കാര്യ പാര്‍ലമെന്ററി സമിതി അന്വേഷിക്കുന്നുണ്ട്‌. ഫേസ്‌ ബുക്ക്‌ എക്‌സിക്യൂട്ടീവുമാരോട്‌ സെപ്‌റ്റംബര്‍ 2ന്‌ ഹാജരായി വിശദീകരണം നല്‍കാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്‌.