ന്യൂഡല്‍ഹി:
അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ്ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്ക് എതിരായ ട്വിറ്റർ പരാമർശങ്ങളിൽ സ്വമേധയാ എടുത്ത കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരൻ ആണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.
മാപ്പ് പറയാൻ കോടതി അനുവദിച്ച സമയം ഇന്നലെയായിരുന്നു അവസാനിച്ചത്. എന്നാല്‍, മാറ്റ് പറയാന്‍ തയ്യാറല്ലെന്നും, കോടതി അനുശാസിക്കുന്ന ഏത് ശിക്ഷയും അനുഭവിക്കാൻ തയ്യാറാണെന്നും പ്രശാന്ത് ഭൂഷണ്‍ ഇന്നലെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെ വിമർശിച്ചുള്ള ട്വീറ്റ് ഉത്തരവാദിത്തബോധത്തോടെയുള്ളതാണെന്നും അതിൽ ഉറച്ചുനിൽക്കുക്കുകയാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
പ്രശാന്ത് ഭൂഷണ്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിൽ ആണ് കേസ് ഇന്ന് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുൻ ചീഫ് ജസ്റ്റിസുമാർക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് 2009ൽ എടുത്ത കേസും കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷൻ ആയ ബെഞ്ച് ആണ് രണ്ട് കേസുകളും പരിഗണിക്കുക.