Fri. Nov 22nd, 2024

ന്യൂഡല്‍ഹി:

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിയില്‍ വാദം അവസാനിച്ചു. കേസില്‍ സെപ്റ്റംബര്‍ രണ്ടിനകം വിധിപറയും. കോടതി ബലംപ്രയോഗിച്ച് മാപ്പുപറയിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. നിരുപാധികമാപ്പ് മാത്രമേ അംഗീകരിക്കൂ എന്ന ഉത്തരവ് ബലപ്രയോഗമാണ്. കുറ്റം ചെയ്തുവെന്ന് മനസാക്ഷിക്ക് തോന്നിയാല്‍ മാത്രമെ മാപ്പ് പറയുകയുള്ളൂവെന്ന് രജീവ് ധവാന്‍ വ്യക്തമാക്കി. മാപ്പ് പറയാന്‍ നിര്‍ബന്ധിച്ച് കൊണ്ട് കോടതിക്ക് ഉത്തരവിറക്കാനാകില്ല. വിമര്‍ശനം കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതി തകരമെന്നും രാജീവ് ധവാന്‍ വാദിച്ചു.

അപകീര്‍ത്തിപ്പെടുത്തല്‍ അംഗീകരിക്കാന്‍ ആകില്ല. പക്ഷേ കോടതി വിമര്‍ശനത്തിന് അതീതമല്ല. ശിക്ഷിച്ചാല്‍ പ്രശാന്ത് ഭൂഷണ്‍ രക്തസാക്ഷിയാകും. അദ്ദേഹത്തിന് രക്തസാക്ഷി പരിവേശം ആവശ്യമില്ല. പ്രശാന്ത് ഭൂഷണെ കോടതി കേള്‍ക്കണമെന്നും രാജീവ് ധവാന്‍ ആവശ്യപ്പെട്ടു.

അതേസമയം, മുപ്പത് വര്‍ഷത്തിലധികം പ്രാക്ടീസ് ഉള്ള ഭൂഷണ്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതില്‍ കോടതിക്ക് വേദനയുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. മാപ്പ് പറയുന്നതില്‍ എന്ത് തെറ്റാണെന്നും അരുണ്‍ മിശ്ര വാദത്തിനിടയില്‍ ചോദിച്ചു.

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ അഭിഭാഷകന്‍ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്. പ്രശാന്ത് ഭൂഷണെ പോലുള്ള അഭിഭാഷകന്‍ അഭിപ്രായം പറയുമ്പോള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. പല കേസുകളുടെയും രേഖകള്‍ ജഡ്ജിമാര്‍ക്ക് എത്തുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങളില്‍ എത്തുന്നുവെന്നും ജസ്റ്റിസ് പറഞ്ഞു. ന്യായമായ വിമര്‍ശനങ്ങള്‍ അംഗീകരിക്കും. എന്നാല്‍, അഭിഭാഷകരെ പോലെ മാധ്യമങ്ങളുടെ അടുത്ത് പോകാന്‍ ജഡ്ജിമാര്‍ക്ക് കഴിയില്ല.

അതേസമയം, കോടതിയലക്ഷ്യക്കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് മാപ്പ് പറയാൻ അരമണിക്കൂർ സമയം കൂടി  സുപ്രീംകോടതി ഇന്ന് അനുവദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നാണ് അറ്റോര്‍ണി ജനറല്‍ നിലപാടെടുത്തത്. ആവശ്യമെങ്കില്‍ താക്കീതുചെയ്യാം.മാപ്പുപറയാത്തയാളെ താക്കീതുചെയ്തിട്ട് എന്തുകാര്യമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിക്കുകയും ചെയ്തു. ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ എജിയുടെ നിര്‍ദേശം പരിഗണിക്കാമെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam