കിങ്സറ്റണ്‍:
ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 34ാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെയാണ് താരത്തിന് കൊവിഡ് പോസിറ്റിവായത്. ബോള്‍ട്ടിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലും, ഫുട്ബോള്‍ താരം റഹീം സ്റ്റെര്‍ലിങ്ങും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്.
ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ ബോള്‍ട്ട് തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവെച്ചത്. ശനിയാഴ്ച പരിശോധനയ്ക്ക് വിധേയനായ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് ബോള്‍ട്ട് വീഡിയോയില്‍ പറയുന്നത്. രോഗലക്ഷണങ്ങള്‍ ഇല്ലെന്നും, കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈനില്‍ പോവുകയാണെന്നും താരം വീഡിയോയില്‍ പറയുന്നു.
എല്ലാ സുഹൃത്തുക്കളില്‍ നിന്നും തത്കാലത്തേക്ക് മാറി നില്‍ക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ചതോടെ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തെന്നും, എങ്ങനെയാണ് ക്വാറന്റൈനില്‍ കഴിയേണ്ടത് എന്നും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് മനസിലാക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരും സുരക്ഷിതരായിരിക്കുക. പേടിക്കാനൊന്നുമില്ല. എന്നാല്‍ എല്ലാവരും സുരക്ഷിതരായിരിക്കുക, ബോള്‍ട്ട് പറയുന്നു.
ക്രിസ് ഗെയ്ല്‍ സമ്പര്‍ക്കപ്പട്ടികയില്‍ വന്നതോടെ ഇത് ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനെ ബാധിക്കുമോയെന്ന് വ്യക്തമായിട്ടില്ല. ഓഗസ്റ്റ് 21നായിരുന്നു ബോള്‍ട്ടിന്റെ ജന്മദിനാഘോഷം. സെപ്തംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ സ്റ്റെര്‍ലിങ്, ബയേര്‍ ലെവര്‍ക്യൂസന്‍ സ്ട്രൈക്കര്‍ ലിയോണ്‍ ബെയ്ലി എന്നിവര്‍ കോവിഡ് ടെസ്റ്റിന് വിധേയമായോ എന്ന് വ്യക്തമായിട്ടില്ല.