തിരുവനന്തപുരം:
നിയമസഭയിൽ വില്യം ഷേക്സ്പിയറിന്‍റെ മാർക് ആന്റണിയെ ഉദ്ധരിച്ച് വിഡി സതീശൻ എംഎല്‍എ. മുഖ്യമന്ത്രിയെ ആദരണീയന്‍ എന്നാണ് വിഡി സതീശൻ വിശേഷിപ്പിച്ചത്. സംസ്ഥാന ഭരണത്തിന്റെ കപ്പിത്താനായ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാര്‍ ഹൈജാക്ക് ചെയ്തതോടെ കപ്പിത്താന്റെ കാബിന്‍ തന്നെ പ്രശ്‌നത്തിലായിരിക്കുകയാണെന്നും അവിശ്വാസ പ്രമേയം അവതരിപ്പിച്ച് വി.ഡി സതീശന്‍ പറഞ്ഞു.
ലൈഫ് മിഷന്‍ കൈക്കൂലി മിഷന്‍ ആണെന്നും ആകെ 9.25 കോടി കമ്മീഷന്‍ പറ്റിയെന്നും ഇതില്‍ ‘ബെവ്കോ’ ആപ് സഖാവിന്റെ ബന്ധം അറിയണമെന്നും സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു.
സര്‍ക്കാരിന് കണ്‍സള്‍ട്ടന്‍സി ഒരു വീക്ക്നെസാണ്. കൺസൾട്ടൻസി രാജിനെ കുറിച്ച് ധവള പത്രം ഇറക്കണമെന്ന് സതീശന്‍ പരിഹസിച്ചു. എല്ലാം അറിയുന്ന ധനമന്ത്രി നോക്കു കുത്തിയെ പോലെ ഇരിക്കുന്നു. കടം എടുക്കൽ മാത്രം ആണ് ധനമന്ത്രിയുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.
എന്ത് ചോദിച്ചാലും ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാറ്റിന്‍റെയും ഉത്തരവാദിത്തം ശിവശങ്കറിന്‍റെ തലയിൽ കെട്ടി വെക്കുന്നുവെന്ന് സതീശൻ കുറ്റപ്പെടുത്തി.
കള്ളക്കടത്തിന് മന്ത്രി ജലീല്‍ വിശുദ്ധ ഗ്രന്ഥത്തെ മറയാക്കിയെന്നും കുറ്റപ്പെടുത്തി. ജലീൽ ദിവ്യ പുരുഷനാണെന്ന് വി ഡി സതീശൻ പരിഹസിച്ചു. സക്കാത്ത് കയ്യിൽ നിന്നാണ് കൊടുക്കേണ്ടത്. കള്ളത്തട്ടിപ്പിന് വിശുദ്ധ ഗ്രന്ഥത്തെ മറയാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.