ഡൽഹി:
കോടതിയലക്ഷ്യക്കേസിൽ നിരുപാധികം മാപ്പെഴുതി നൽകാൻ തയ്യാറല്ലെന്ന് സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർക്കെതിരെ ആക്ഷേപകരമായ ട്വീറ്റ് എഴുതി എന്ന കേസിൽ മൂന്ന് ദിവസത്തെ സമയമായിരുന്നു ഭൂഷന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ക്ഷമ ചോദിക്കാൻ അനുവദിച്ചിരുന്നത്.
എന്നാൽ, പൂർണ ബോധ്യമുള്ള കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും മാപ്പിരക്കാൻ തയ്യാറല്ലെന്നും അദ്ദേഹം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. മാപ്പ് പറയാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ക്ഷമ ചോദിക്കില്ലെന്ന് ഭൂഷൺ ആവർത്തിച്ചത്. കോടതി അനുശാസിക്കുന്ന ഏത് ശിക്ഷയും അനുഭവിക്കാൻ തയാറാണെന്നും ഭൂഷൺ കൂട്ടിച്ചേർത്തു.
പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിഷയം ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജി കുര്യൻ ജോസഫ് വ്യക്തമാക്കി. അതേസമയം, ജസ്റ്റിസ് അരുൺ മിശ്രയ്ക്ക് വിരമിക്കാൻ ഇനി ഒൻപത് ദിവസം മാത്രമാണുള്ളത്. പ്രശാന്ത് ഭൂഷൺ മാപ്പെഴുതി നൽകിയില്ലെങ്കിൽ അടുത്ത നടപടി ശിക്ഷ പ്രഖ്യാപനമാണ് ഇനി ഉണ്ടായേക്കാവുന്നത്.