പൂനെ:
ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധമരുന്ന് ഡിസംബറോടെ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. 20 കോടി പേർക്ക് ജനുവരിയ്ക്ക് മുമ്പ് മരുന്ന് നൽകാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതേസമയം, ഓക്സ്ഫഡ് പ്രതിരോധമരുന്നിന്‍റെ മൂന്നാംഘട്ട പരീക്ഷണം പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചിട്ടില്ല.
മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് വിൽക്കാനുള്ള അനുമതി തേടുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പിസി നമ്പ്യാർ പറഞ്ഞു. എന്നാൽ, ഉത്പാദനം തുടങ്ങി വെയ്ക്കാനുള്ള അനുമതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. അടുത്ത ജൂണോടെ എല്ലാവർക്കും വാക്സിൻ നൽകാനാകുമെന്നും, പ്രാഥമികമായി മരുന്ന് പുനെയിലാകും ഉത്പാദിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.