Sat. Apr 27th, 2024

മലപ്പുറം:

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ 35 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 824 പേരുടെ ഫലം നെഗറ്റീവായി. നേരത്തെ 18 രക്ഷാപ്രവർത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളിൽ നിന്നുള്ള സമീപവാസികളായ 150 ഓളം പേർ അന്ന് മുതൽ തന്നെ  നിരീക്ഷണത്തില്‍ പോയിരുന്നു.

നേരത്തെ, രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കളക്ടര്‍, അസി. കളക്ടര്‍, സബ് കളക്ടര്‍, എസ്‍പി, എഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മലപ്പുറം കളക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ മുഖ്യമന്ത്രിയും 7 മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയിരുന്നു.

അതേസമയം, മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം  322 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 297 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

By Binsha Das

Digital Journalist at Woke Malayalam