Fri. Apr 26th, 2024
ന്യൂഡെല്‍ഹി:

സുപ്രീം കോടതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്‌ വേണ്ടിയുള്ള വിമര്‍ശനമാണ്‌ താന്‍ നടത്തിയതെന്ന്‌ അഡ്വ. പ്രശാന്ത്‌ഭൂഷണ്‍. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തുറന്ന വിമര്‍ശനം ആവശ്യമാണ്‌. അതിന്റെ പേരില്‍ മാപ്പ്‌ പറയുന്നത്‌ കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്നുള്ള പിന്നോട്ടുപോക്കായിരിക്കും. അതിനാല്‍ കോടതിക്ക്‌ മുന്നില്‍ ദയക്ക്‌ വേണ്ടി അഭ്യര്‍ത്ഥിക്കില്ല.

കോടതി നല്‍കുന്ന ഏത്‌ ശിക്ഷയും സന്തോഷത്തോടെ ഏറ്റുവാങ്ങുമെന്നും പ്രശാന്ത്‌ ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. കോടതിയലക്ഷ്യത്തിന്‌ ശിക്ഷിക്കപ്പെട്ടതില്‍ വേദനയുണ്ട്‌. തന്റെ വിമര്‍ശനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. കോടതിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന്‌ വേണ്ടിയുള്ള എളിയ ശ്രമമായിരുന്നു തന്റെ ട്വീറ്റുകള്‍. അത്‌ എന്റെ ചുമതലയാണെന്ന്‌ ഞാന്‍ കരുതുന്നു.

കോടതി അലക്ഷ്യം കാട്ടിയെന്ന കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കുന്നതിന്‌ സമയം ആവശ്യമായതിനാല്‍ ശിക്ഷ സംബന്ധിച്ച വാദം നീട്ടിവെക്കണമെന്ന്‌ പ്രശാന്ത്‌ ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത്‌ നിഷേധിച്ചതിനെ തുടര്‍ന്നാണ്‌ മുന്‍കൂട്ടി തയ്യാറാക്കിയ പ്രസ്‌താവന വായിച്ചത്‌.കോടതിയെ വിമര്‍ശിക്കുന്നതിന്‌ വ്യക്തികള്‍ക്ക്‌ അവകാശമുണ്ടെങ്കിലും അതിന്‌ ഒരു ലക്ഷ്‌മണ രേഖയുണ്ടെന്ന്‌ കേസില്‍ വാദം കേട്ട്‌ ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര പറഞ്ഞു. പ്രശാന്ത്‌ ഭൂഷണ്‍ അത്‌ ലംഘിച്ചതുകൊണ്ടാണ്‌ നടപടി വേണ്ടിവന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ ഹെല്‍മെറ്റും മാസ്‌കും ധരിക്കാതെ ആഢംബര ബൈക്കില്‍ ഇരുന്നതിനെതിരെ പ്രശാന്ത്‌ ഭൂഷണ്‍ ട്വീറ്റ്‌ ചെയ്‌തത്‌ കോടതി അലക്ഷ്യമാണെന്ന്‌ കോടതി വിധിച്ചിരുന്നു. ജനാധിപത്യത്തെ തകര്‍ക്കുന്നതില്‍ കഴിഞ്ഞ ആറ്‌ വര്‍ഷം സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസുമാരായവര്‍ക്ക്‌ പങ്കുണ്ടെന്ന ട്വീറ്റും കോടതിയലക്ഷ്യം തന്നെയാണ്‌ എന്നായിരുന്നു വിധി. ശിക്ഷ വിധിക്കുന്നത്‌ സംബന്ധിച്ച വാദമാണ്‌ കോടതിയില്‍ തുടങ്ങിയത്‌.