Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച് ശശി തരൂർ എംപി.വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിലൂടെ മാത്രമേ വിമാനത്താവള വികസനം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു.  തിരുവനന്തപുരത്തെ ചരിത്രത്തിനും നിലയ്ക്കും സാധ്യതകൾക്കും ഉപകാരപ്രദമാകുന്നതരത്തിൽ ഒന്നാംതരം വിമാനത്താവളമാണ് ജനങ്ങൾക്ക് വേണ്ടത്.

ഈ സാഹചര്യത്തിൽ‌, തീരുമാനം, എത്ര വിവാദപരമാണെങ്കിലും, നമ്മൾ‌ അനുഭവിച്ച വലിയ കാലതാമസത്തേക്കാൾ‌ നല്ലതാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തിന് നൽകുക മാത്രമാണ് വികസനം സാധ്യമാകാൻ ഏകപോംവഴി. ഏതു കമ്പനിയായാലും ഭൂമിയുടെയും വിമാനത്താവളത്തിന്റെയും ഉടമസ്ഥാവകാശവും എടിസി, സുരക്ഷ, കസ്റ്റംസ്, ഇമിഗ്രേഷൻ എന്നിവയുടെ ഉത്തരവാദിത്തം ഇപ്പോഴും സർക്കാർ ഏജൻസികളിൽ നിലനിൽക്കുന്നു.”- ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ തരൂരിന്‍റെ നിലപാട് വഞ്ചനാപരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമാണിത്. മുതലാളിമാര്‍ക്കായുള്ള നിലപാടില്‍ നിന്ന് തരൂര്‍ പിന്മാറണം. കച്ചവടത്തിനു കൂട്ടുനില്‍ക്കുന്നവര്‍  ജനങ്ങളോട് മറുപടി പറയേണ്ടിവരും. ജനകീയ പ്രതിരോധമാണ് ഇനി മാര്‍ഗമെന്നും വിമാനത്താവളം നല്ല രീതിയില്‍ നടത്താന്‍ ടിയാലിന് കഴിയുമെന്നും കടകംപള്ളി  പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും.തിരുവനന്തപുരം വിമാനത്താവളത്തിനു പുറമെ ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് സ്വകാര്യകമ്പനികള്‍ക്ക് നടത്തിപ്പിന് നല്‍കും.

രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ തന്നെ  അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.