തിരുവനന്തപുരം:
ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്‍റ് എംവി ശ്രേയാംസ് കുമാർ എൽഡിഎഫ് രാജ്യസഭ സ്ഥാനാർഥിയാവും. ഇന്ന് ചേര്‍ന്ന എല്‍ജെഡി സംസ്ഥാനനിര്‍വാഹകസമിതി യോഗത്തിലാണ് തീരുമാനം. വ്യഴാഴ്ച ശ്രേയാംസ് കുമാര്‍ പത്രിക നൽകും.
എൽഡിഎഫ് ജയിക്കുമെന്നുറപ്പുള്ള സീറ്റിൽ ശ്രേയാംസ് കുമാറിനെ മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃയോഗം നേരത്തേ തീരുമാനിച്ചിരുന്നു. ഓണ്‍ലൈനില്‍ ചേര്‍ന്ന കഴിഞ്ഞ സംസ്ഥാന സമിതിയോഗത്തിലെ തീരുമാനപ്രകാരം രാജ്യസഭാ സീറ്റ് എല്‍ജെഡി ആവശ്യപ്പെട്ടിരുന്നു. സീറ്റിനായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും നേരത്തേ തന്നെ നേരില്‍ കാണുകയും, മുന്നണിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
എംപി വീരേന്ദ്രകുമാര്‍ അന്തരിച്ച ഒഴിവില്‍ വരുന്ന സീറ്റ് നല്‍കാമെന്ന് സിപിഎം തത്വത്തില്‍ എല്‍ജെഡി നേതൃത്വത്തിന് ഉറപ്പും നല്‍കിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. നിയമസഭാമന്ദിരത്തിൽ ഈ മാസം 24ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. 13നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.