മലപ്പുറം:
കരിപ്പൂര്‍ വിമാന അപകടം അന്വേഷിക്കാന്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രത്യക സംഘത്തെ രൂപീകരിച്ചു. മലപ്പുറം അഡീഷനൽ എസ്.പി. ജി സാബു വിന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് സംഭവം അന്വേഷിക്കുക. മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും.
അതേസമയം, കരിപ്പൂർ വിമാനപകടത്തിന്റെ കാരണമന്വേഷിക്കുന്ന ഡിജിസിഎ സംഘം ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചേക്കും. പൈലറ്റിന് വീഴ്ചപറ്റിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. റണ്‍വെയെ കുറിച്ചുള്ള പരാതികളിലും കഴമ്പില്ലെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിലപാട്. പ്രതികൂല കാലാവസ്ഥയും സാങ്കേതിക തകരാറുകളും അന്വേഷണ സംഘം ചൂണ്ടിക്കാട്ടും.
വെള്ളിയാഴ്ച രാത്രി 7. 41നാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് 35 അടി താഴ്ചയിലേക്ക് പതിച്ചത്. 10 കുട്ടികളടക്കം 184 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പെെലറ്റും കോ പെെലറ്റും ഉള്‍പ്പെടെ 18 പേര്‍ മരണപ്പെട്ടിരുന്നു. മരിച്ചവരില്‍ നാല് പേര്‍ കുട്ടികളായിരുന്നു.
നിലവിൽ 90 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. പതിനൊന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മൂന്ന് പേരെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള 3 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സുഖംപ്രാപിച്ച് 18 പേർ ആശുപത്രി വിട്ടിരുന്നു.