Fri. Nov 22nd, 2024
കൊച്ചി:

കൊവിഡിന് പിന്നാലെ കടലാക്രമണം കൂടി വന്നതോടെ ചെല്ലാനം നിവാസികൾ പ്രതിസന്ധിയിൽ. ചെല്ലാനം, കണ്ണമാലി, സൗദി പ്രദേശങ്ങളിലാണ് കടലാക്രമണ ഭീഷണി നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കയറിയ വെള്ളം വീടുകളിൽ നിന്ന് ഇറങ്ങിയെങ്കിലും ആശങ്കയോടെയാണ് ചെല്ലാനം നിവാസികൾ കഴിയുന്നത്.

തുടർച്ചയായ നാല് ദിവസമായി കടലാക്രമണ ഭീഷണിയിലാണ് ചെല്ലാനം.ചെല്ലാനം മുതൽ സൗദി വരെയുള്ള മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ നൂറു കണക്കിന് വീടുകളിൽ വെള്ളം ഇരച്ചു കയറുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. 

ഈ വെള്ളം ഇറങ്ങിയെങ്കിലും പ്രദേശത്തെ ആശങ്ക വിട്ടൊഴിയുന്നില്ല.തീരങ്ങളിൽ തീർത്ത കടൽ ഭിത്തികൾ പലയിടങ്ങളിലും തകർന്ന അവസ്ഥയിലാണ്. ഇരച്ചു കയറുന്ന വെള്ളം തടയുന്നതിനായി നാട്ടുകാർ നിരത്തിയ ആയിരക്കണക്കിന് മണൽ ചാക്കുകളും തകർന്ന നിലയാണ്. കാലങ്ങളായി തുടരുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും, ഇപ്പോഴുള്ള കടൽ ഭിത്തിക്ക് പകരമായി പുലിമുട്ട് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

കൂടാതെ എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ നാല് ദിവസമായി മഴ തോരാതെ പെയ്യുകയാണ്.നോർത്ത് പറവൂരിലെ ജനങ്ങളും  ആശങ്കയിൽ ആണ് . നോർത്ത് പറവൂരിൽ നിരവധി വീടുകളിൽ വെള്ളം കയറാൻ തുടങ്ങി. സാധനങ്ങൾ അടക്കം തയാറാക്കി ക്യാമ്പുകളിലേക്ക് മാറാൻ തയാറായിരിക്കുകയാണ് നിരവധി കുടുംബങ്ങൾ. 

പല കുടുംബങ്ങളും ആർത്തലച്ചു പെയ്യുന്ന മഴക്ക് മുന്നിൽ നിസഹായരായി നിൽക്കുകയാണ്. നദികൾ കരകവിഞ്ഞൊഴുകാൻ തുടങ്ങി. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയം നേരിട്ട നോർത്ത് പറവൂരിലെ ജനങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്. ഇവരെല്ലാം ഒരായുസ്സിന്റെ നീക്കിയിരിപ്പ് ഒലിച്ചു പോയിടത്ത് നിന്ന് ചേർത്ത് വെച്ച് തുടങ്ങിയതേയുള്ളു. പല വീടുകളും ഇപ്പോഴും ആ പ്രളയത്തിന്റെ അവശേഷിപ്പുകളായി തുടരുകയാണ്.