Wed. Jan 22nd, 2025
തിരുവനന്തപുരം:

അതിതീവ്രമഴയ്ക്ക് സാധ്യതയുള്ള വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റണമെന്ന് കെ.എസ്.ഡി.എം.എ നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ അത് കേരളത്തിയും ബാധിക്കുമെന്നതിനാൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

എന്നാൽ കാലവർഷം കനക്കുന്നതിൽ കേരളം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ജല കമ്മീഷൻ അം​ഗം ആർകെ സിൻഹ. 2018ൽ സംഭവിച്ചതുപോലെയുള്ള കാര്യങ്ങൾ ഇപ്പോഴത്തെ മഴയെത്തുടർന്ന് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അതിതീവ്ര മഴയിൽ കേരളത്തിലെ ചില നദികളിൽ ജലനിരപ്പ് വലിയ രീതിയിൽ ഉയരുമെങ്കിലും പ്രളയസമാന സാഹചര്യം ഉണ്ടാവില്ലെന്ന് കെ സിൻഹ വ്യക്തമാക്കി. 

അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിക്കപ്പെട്ടതോടെ നെടുമ്പാശ്ശേരി വിമാനത്താവള മേഖലയിൽ വെള്ളപ്പൊക്കം നേരിടാനുള്ള നടപടികൾ ഊർജിതമാക്കി അധികൃതർ. മേഖലയിലെ തോടുകളും കാനകളും നവീകരിക്കുന്ന പദ്ധതി പൂർത്തിയാക്കിയതായി സിയാൽ അറിയിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഓഗസ്റ്റ് മാസത്തിൽ വിമാനത്താവളം അടച്ചിടേണ്ടിവന്നിരുന്നു. പെരിയാറിന്റെ ​കൈവഴികളായി നിരവധി തോടുകൾ മേഖലയിലുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam