Wed. Jan 22nd, 2025
കൊച്ചി:

 
മട്ടാഞ്ചേരി വിമെൻ & ചൈൽഡ് ആശുപത്രിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് നൂതന സംവിധാനത്തിലുള്ള കൊവിഡ് വിസ്‌ക് ജയ്‌ഹിന്ദ്‌ ഗ്രൂപ്പ്‌ റോട്ടറി ക്ലബ്‌ ഓഫ് ഫോർട്ട്‌ കൊച്ചിയുടെ ആഭിമുഖ്യത്തിൽ സംഭാവന ചെയ്തു.

ആശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം പി ഹോസ്പിറ്റലിന് വിസ്‌ക് കൈമാറി. ജയ്‌ഹിന്ദ്‌ ഗ്രൂപ്പ്‌ ഡയറക്ടർ പരേഷ് എസ് ഷാ, വാറന്റി രേഖകളും യൂസർ മാനുവലും സുപ്രണ്ടിനു കൈമാറി. എം പിയുടെ അഭ്യർത്ഥന മാനിച്ചാണ് കൊവിഡ് വിസ്‌ക് ജനറൽ ഹോസ്പിറ്റലിൽ സ്ഥാപിച്ചതെന്ന് ജയ്‌ഹിന്ദ്‌ ഗ്രൂപ്പ്‌ അധികൃതർ അറിയിച്ചു.

മട്ടാഞ്ചേരി വിമെൻ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ സുപ്രണ്ട് ഡോ. സ്മിജി ജോർജ് അധ്യക്ഷയായി, RMO ഡോ. ദീപ്തി, ടി കെ അഷറഫ്, കൊവിഡ് നോഡൽ ഓഫീസർ ഡോ. ടെസ്സി എന്നിവർ പ്രസംഗിച്ചു.

ദിവസേന നൂറുകണക്കിന് പേരെ കൊവിഡ് ടെസ്റ്റിനു വിധേയമാക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ശാരീരിക സമ്പർക്കം പുലർത്താതെ സുരക്ഷിതമായി PPE കിറ്റ് കൂടാതെ നിരവധി ആളുകളുടെ സ്രവ സാമ്പിൾ ശേഖരിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സംവിധാനം ആണ് വിസ്‌ക്.

നിലവിൽ കേരളത്തിൽ മറ്റു ആശുപത്രികളിൽ സ്ഥാപിച്ചിരിക്കുന്ന കൊവിഡ് സാമ്പിൾ കളക്ഷൻ കിയോസ്ക് ആയ വിസ്‌കുകളിൽ നിന്നും വ്യത്യസ്തമായി കൊവിഡ് വിസ്കിനു വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത അലുമിനിയം പ്രൊഫൈലില്‍ ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്, അതിനാൽ ഇത് വിവിധ പീസുകളാക്കി മറ്റൊരിടത്തേക്ക് എളുപ്പം മാറ്റി സ്ഥാപിക്കാനും 15 മിനുട്ടുകള്‍ക്കുള്ളില്‍ വിവിധ ഭാഗങ്ങള്‍ ഘടിപ്പിച്ച് കിയോസ്‌ക് പൂര്‍ണ്ണ സജ്ജമാക്കാനുമാകും.

കാലുകൾ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ലൈറ്റ് സിഗ്നൽ, അലാറം, ബസർ അണുവിമുക്തമാക്കുന്നതിനായി UV ലൈറ്റ് എന്നിവ നിലവിലുള്ള വിസ്‌കുകളിൽ നിന്നും പുതുമയുള്ളതാണ്, ഫാൻ, എക്സ്ഹോസ്റ്റ്, ലൈറ്റ്, ചാർജിങ് സോക്കറ്റ്, സാമ്പിൾ എടുക്കേണ്ട ആളുടെ മുഖത്തെക്ക് വെളിച്ചം ലഭിക്കത്തക്ക തരത്തിൽ ക്രമീകരിച്ച ലൈറ്റുകൾ എന്നിവ വിസ്‌കിൽ സജ്ജീകരിച്ചിട്ടുണ്ട്.

കിയോസ്‌കിന് തീപിടിത്തത്തെയും വെള്ളം കയറുന്നതിനെയും പ്രതിരോധിക്കാനുള്ള ശേഷിയുമുണ്ട്. ചേർത്തല പള്ളിപ്പുറം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവൃത്തിക്കുന്ന മരിയ പ്ലാസ്റ്റിക്സ് ആൻഡ് അലുമിനിയം ഇൻഡസ്സ്ട്രീസ് ആണ് നിർമാതാക്കൾ.