തിരുവനന്തപുരം:
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തിവെച്ച കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ സംസ്ഥാനത്ത് നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. 206 ദീർഘദൂര ബസ്സുകള്‍ പരിഷ്കരിച്ച ചാര്‍ജില്‍ നാളെ മുതല്‍ സര്‍വീസ് നടത്തും. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സർവീസുകൾ നടത്തുക.
കൊവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയില്‍ നിന്നാകും താൽക്കാലിക സംവിധാനം ഉണ്ടാവുക. അതേസമയം, ബസ് സർവീസ് നിർത്തി വെക്കുന്നത് ഈ കാലത്ത് ഗുണമാണോ എന്ന് സ്വകാര്യ ബസ്സുടമകള്‍ ചിന്തിക്കണമെന്ന് മന്ത്രി പറഞ്ഞു.
പൊതുഗതാഗത സംവിധാനത്തെ ജനങ്ങള്‍ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിൽ കൂടിയും കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി വിശദീകരിച്ചു. സ്വകാര്യ ബസ് ഉടമകൾക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയിട്ടുണ്ട്.