തിരുവനന്തപുരം:
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് ഒൻപത് മണിക്കൂർ പിന്നിട്ടു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. എന്നാൽ കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായി ഉണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം മാത്രമാണെന്നാണ് ശിവശങ്കര്‍ മൊഴി നൽകിയിരുന്നത്. അധികാര ദല്ലാൾ പണി തിരിച്ചറിഞ്ഞ് സ്വപ്നയെ അകറ്റി നിർത്താത്തത് തന്റെ തെറ്റാണെന്നും സ്വര്‍ണ്ണക്കടത്ത് കേസിനെക്കുറിച്ച് അറിയുകയോ ഇടപെടുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നു.
അതേസമയം റമീസിനെ ഏഴ് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. മറ്റ് പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കോടതി അഞ്ചു ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇത് കൂടാതെ പ്രതികളായ ഹംജത് അലി, സംജു, മുഹമ്മദ് അൻവർ, ജിപ്സൽ, മുഹമ്മദ് അബ്ദു ഷമീം എന്നിവരുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി തള്ളി. ഇതുകൂടാതെ ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.