തിരുവനന്തപുരം:
കേരളത്തിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ജനജീവിതം നിശ്ചലമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ. മുഴുവനായി കേരളം അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു. സമ്പൂർണ ലോക്ക്ഡൗണിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻപ് രംഗത്തെത്തിയിരുന്നു. സാധാരണക്കാരുടെ വരുമാനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൂർണ്ണ അടച്ചിടലിനെ മന്ത്രിസഭയിലെ ഒരു വിഭാഗം എതിർക്കുന്നു.
എന്നാൽ സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ദിവസം കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗൺ വേണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിലപാട്. സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും സ്വകാര്യ ആശുപത്രികളെക്കൂടി കൊവിഡ് ചികിത്സയിൽ പങ്കാളികളാക്കണമെന്നും തുടങ്ങി നിർദ്ദേശങ്ങൾ ഇന്ന് ചേരുന്ന സർവകക്ഷിയോഗത്തിൽ പ്രതിപക്ഷം മുന്നോട്ട് വയ്ക്കുമെന്നാണ് റിപ്പോർട്ട്.