തിരുവനന്തപുരം:
പമ്പ- ത്രിവേണിയില്‍ നിന്ന് മണല്‍ നീക്കം ചെയ്യാനുള്ള തീരുമാനം തീര്‍ത്തും നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. വനം വകുപ്പാണ് മണല്‍ നീക്കാന്‍ നിര്‍ദേശിക്കേണ്ടതെന്ന് മന്ത്രിസഭാ തീരുമാനം ഉണ്ട്. മന്ത്രിസഭാതീരുമാനം മറികടക്കാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എന്താണധികാരമെന്ന് ചെന്നിത്തല ചോദിച്ചു.
വനംവകുപ്പോ മന്ത്രിയോ സെക്രട്ടറിയോ അറിയാതെ എങ്ങനെ തീരുമാനമെടുത്തു എന്ന് ചോദിച്ച ചെന്നിത്തല ഒരു പൊതുമേഖല സ്ഥാപനത്തിന്റെ മറവില്‍ നടക്കുന്ന വന്‍ കൊള്ളയാണ് പ്രതിപക്ഷം ഇന്നലെ പുറത്തു കൊണ്ടുവന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മണല്‍നീക്കം തടഞ്ഞ വനംസെക്രട്ടറിയുടെ നടപടി പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡിന്റെ മറവിൽ എന്തു തട്ടിപ്പും നടത്താമെന്നു സർക്കാർ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ആരും ചോദിക്കാനും പറയാനും ഇല്ലെന്ന നിലയിലാണ് സർക്കാറിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നതെന്നും വനം മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.