മുംബെെ:
തീവ്രചുഴലിക്കാറ്റായി മാറിയ ‘നിസർഗ’ അതിവേഗം മുംബൈ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റ് റായ്‍ഗഢ് ജില്ലയിൽ ആഞ്ഞടിച്ച് തുടങ്ങി. കര തൊടാൻ തുടങ്ങിയതോടെ റായ്‍ഗഢ് ജില്ലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റിന്റെ വേഗത കൂടുന്നതനുസരിച്ച് നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ കടകളിലെ മേല്‍ക്കൂരകള്‍ പറന്നുപോയിട്ടുണ്ട്. റായ്‍ഗഢ് ജില്ലയിൽ മരങ്ങൾ കടപുഴകി വീണു. വൈദ്യുതലൈനുകളും പോസ്റ്റുകളും പൊട്ടി വീണു.
110 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗമെന്നാണ് കണക്കുകൂട്ടൽ. രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിൽ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസർഗ. 129 വർഷങ്ങൾക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്.