വാഷിങ്ടണ്‍:
അമേരിക്കന്‍ വംശജന് ജോര്‍ജ് ഫ്ലോയിഡ് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് യുഎസ്സില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ആറാംദിവസത്തിലേക്ക്. 40 ഓളം നഗരങ്ങളിലേര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധങ്ങളില്‍ ആയിരങ്ങളാണ് പങ്കുചേര്‍ന്നത്. പ്രതിഷേധത്തെ നേരിടാന്‍ ആയുധധാരികളായ കൂടുതല്‍ സൈന്യത്തേയും പോലീസിനേയും വിന്യസിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
വാഷിങ്ടണ്‍ നഗരത്തില്‍ കഴിഞ്ഞ രാത്രി ഉണ്ടായത് അപമാനകരമായ സംഭവമാണെന്നും, ആഭ്യന്തര ഭീകരവാദമാണിതെന്നും ട്രംപ് പറഞ്ഞു. 75-ലധികം നഗരങ്ങളിലാണ് പ്രക്ഷോഭം നിയന്ത്രണാതീതമായത്. കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും കുരുമുളക് സ്പ്രേയും ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
അതേസമയം, അമേരിക്കയിലെ മിയാമിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജോർജ് ഫ്ലോയിഡിന്റെ മരണത്തിൽ അനുശോചിച്ചും അദ്ദേഹത്തിനു നീതി തേടിയുള്ള പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും രംഗത്തുവന്നു. സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പൊതുസ്ഥലത്ത് മുട്ടുകുത്തിയിരുന്നാണ് വർണവെറിക്കെതിരായ പ്രക്ഷോഭങ്ങളോടുള്ള തങ്ങളുടെ പിന്തുണയറിയിച്ചത്.