Mon. Dec 23rd, 2024

ജമെെക്ക:

വംശീയ അധിക്ഷേപം ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും നിലനില്‍ക്കുന്നുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍. ടീമിനകത്തും ലോകത്തിന്റെ മറ്റ് ഇടങ്ങളിലും വംശീയ അധിക്ഷേപത്തിന് താനും ഇരയായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. മറ്റുള്ളവരുടെ ജീവിതം പോലെ തന്നെ കറുത്തവന്റെ ജീവതവും പ്രധാനപ്പെട്ടതാണെന്ന് താരം പറഞ്ഞു.

കറുത്തവര്‍ഗക്കാരെ വിഡ്ഢികളായി കാണുന്നത് നിര്‍ത്തണം. കറുത്തവരായ നമ്മള്‍ തന്നെ നമ്മളെ താഴ്ത്തി കെട്ടരുത്. കറുപ്പ് കരുത്തിന്റെ നിറമാണ്. അഭിമാനത്തിന്റെ നിറമാണെന്നും ക്രിസ് ഗെയില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അമേരിക്കയില്‍ പൊലീസുകാര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്തവര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിന്‍റെ നീതിക്ക് വേണ്ടി യുഎസ്സില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി കായികതാരങ്ങളാണ് ഇതിനോടകം രംഗത്തു വന്നിട്ടുള്ളത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് വ്യാജനോട്ട് കെെവശം വച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയ്ഡ് പൊലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടത്. വെളുത്ത വര്‍ഗ്ഗക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഫ്ളോയിഡിനെ നിലത്തേക്ക് തള്ളിയിട്ട് കാല്‍മുട്ടുകള്‍ കൊണ്ട് കഴുത്തില്‍ അമര്‍ത്തുകയായിരുന്നു. പൊലിസ് ഉദ്യോഗസ്ഥന്റെ കാലുകള്‍ക്കിടയില്‍ ശ്വാസം കിട്ടാതെ പിടഞ്ഞാണ്  അദ്ദേഹം മരണപ്പെട്ടത്. എട്ടു മിനിറ്റും 46 സെക്കന്‍ഡും പൊലീസ് കാല്‍മുട്ടുകൊണ്ട് ഫ്ളോയിഡിനെ ശ്വാസം മുട്ടച്ചുവെന്നാണ് പോസ്റ്റ്പോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്. ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന അദ്ദേഹത്തിന്‍റെ അവസാന വാക്കുകള്‍ മുദ്രാവാക്യമാക്കിയാണ് അമേരിക്കന്‍ തെരുവില്‍ പതിനായിരങ്ങള്‍ പ്രതിഷേധിക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam