Sat. Apr 20th, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് മദ്യം ലഭ്യമാക്കിയ സർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ മടിക്കുകയാണെന്ന് കെമുരളീധരൻ എംപി. മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ വിവേചനമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഭരണപക്ഷത്തുള്ളവർ എന്തു ചെയ്താലും കേസെടുക്കില്ലെന്നും വിമര്‍ശിച്ചു.

എന്നാല്‍, പ്രതിപക്ഷനേതാക്കൾക്കെതിരെ പൊലീസ് തെരഞ്ഞു പിടിച്ച് കേസെടുക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. ക്വാറൻ്റൈൻ ലംഘനത്തിന് പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ വിമർശിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുരളീധരൻ. കൊറോണയെ രാഷ്ട്രീയവത്കരിക്കാൻ മുഖ്യ മന്ത്രിയും പ്രധാനമന്ത്രിയും മത്സരിക്കുകയാണ് അതിനാലാണ് പ്രതിപക്ഷ നേതാവടക്കമുള്ളവർക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം പറ‍ഞ്ഞു.

അതേസമയം, സംസ്ഥാന സർക്കാരിന്‍റെ ക്വാറന്‍റീന്‍ സംവിധാനം പാളി പോയതാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വാർത്താ സമ്മേളനത്തിലെ വീമ്പ് പറച്ചിൽ മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് ഫലപ്രദമായ ചികിത്സ നല്‍കാത്തതിനാലാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam