വയനാട്:
മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം പി വീരേന്ദ്രകുമാറിന്റെ അന്ത്യസംസ്കാര ചടങ്ങുകൾ കല്‍പ്പറ്റ പുളിയാര്‍മലയില്‍ വൈകീട്ട് അഞ്ച് മണിയോടെ നടക്കും. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിനാൽ പൊതു ദര്‍ശനമുണ്ടാകില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.
സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനുമായിരുന്ന എം പി വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തിൽ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ സാംസ്കാരികരംഗത്തെ നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു. അടിയന്തരാവസ്ഥ കാലത്ത് ഒരു ജയിലിൽ ഒരുമിച്ച് കഴിഞ്ഞിരുന്നവരാണ് തങ്ങളെന്നും എം പി വീരേന്ദ്രകുമാറിന്‍റെ വിയോഗം ജനാധിപത്യ-മതേതരത്വ ചേരിക്ക് കനത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ് മുൻ അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധിയും ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. കൃത്യമായ നിലപാടുകളുമുള്ള വ്യക്തിയായിരുന്ന വീരേന്ദ്രകുമാറിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറിച്ചു.