ന്യൂഡല്‍ഹി:
കുടിയേറ്റ തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് തിരിച്ചത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സംസ്ഥാനങ്ങളും കേന്ദ്രവും ജനങ്ങളെ സഹായിക്കാന്‍ എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചു. കുടിയേറ്റ തൊഴിലാളികള്‍ രജിസ്‌ട്രേഷന് ശേഷം നാട്ടിലേക്ക് പോകാന്‍ വൈകുന്നത് എന്തുകൊണ്ടെന്നും സുപ്രീം കോടതി ആരാഞ്ഞു.
കുടിയേറ്റ തൊഴിലാളികളോട് യാത്രയ്ക്ക് പണം ആവശ്യപ്പെട്ടിരുന്നോ? സംസ്ഥാനങ്ങള്‍ പണം നല്‍കുന്നുണ്ടോ എന്ന് തുടങ്ങി കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് ഏകദേശം 50 ചോദ്യങ്ങളാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ചോദിച്ചത്. ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് സഞ്ചയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എംആര്‍ ഷ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
ലോക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് പലായനം ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഏതു സംസ്ഥാനങ്ങളിൽനിന്നാണോ ട്രെയിൻ പുറപ്പെടുന്നത് ആ സംസ്ഥാനങ്ങള്‍ക്കായിരിക്കും ആദ്യ ദിവസത്തെ ചുമതല. പിന്നീട് തൊഴിലാളികൾക്ക് ഭക്ഷണം വെള്ളവും ഉറപ്പാക്കേണ്ടത് റെയിൽവേ ആയിരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. തൊഴിലാളികളില്‍ നിന്ന് യാത്രാച്ചെലവ് ഈടാക്കരുതെന്ന് പറഞ്ഞ കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം റെയില്‍വേയും ചെലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ടു.